മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 10
ആശ്രമം - തുടർപ്രവർത്തനങ്ങൾ

മുണ്ടൻ മലയിലെ സന്യാസികൾ സാധു എന്ന പേരിലാണ് അറിയപ്പെട്ടത്. സഭയുടെ നവീകരണ പ്രവർത്തനങ്ങളിലേക്ക് അവർ നീങ്ങി. അംഗങ്ങൾ വിവിധ ഇടവകകളിൽ ആരാധനാ കാര്യങ്ങളിൽ നേതൃത്വം കൊടുത്തു. വിവിധസ്ഥലങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിച്ചു. അനാഥ കുട്ടികളെ ഏറ്റെടുത്തു സംരക്ഷിച്ചു. തിരുമൂലപുരത്ത് ബഥനിയുടെ പേരിൽ ഒരു പ്രസ് ആരംഭിച്ചു. തിരുമൂലപുരത്തു തന്നെ.
പെൺകുട്ടികൾക്കുവേണ്ടിയുള്ള ഒരു ഹൈസ്കൂളും ഹോസ്റ്റലും ആരംഭിച്ചു. കക്ഷിവഴക്കുകളിലൊന്നും പെടാത്ത പള്ളി ഇടവകകൾ പല സ്ഥലങ്ങളിലും ആരംഭിച്ചു. ബഥനിപ്പള്ളികൾ എന്നാണ് അവ അറിയ പ്പെട്ടിരുന്നത്. ആശ്രമാംഗങ്ങളായി മുണ്ടൻ മലയിൽ പുതിയ സന്യാസാർത്ഥികൾ എത്തി. 1921 ൽ തിരുവല്ല ഇരുവള്ളിപ്ര യാക്കോബ് തോമസ്, 1922 ൽ പര്യാരത്തുകാരൻ ഗീവറുഗീസ് യോബും 1923 ൽ റാന്നി കരിമ്പനാക്കുഴി മത്തായി, പള്ളം പുത്തൻ പുരയിൽ ജോൺ ഏബ്രഹാം പാത്താമുട്ടം കരിമ്പിൻ കാലായിൽ വർഗീസ് പുന്നൂസ് ഇരവിപേരൂർ കു ര്യൻ വർക്കി എന്നിവരും ആശ്രമ അംഗങ്ങളായി. 1924 ൽ തുമ്പമൺ നരിയാപുരത്ത് താവളത്തിൽ കിഴക്കേതിൽ ചാണ്ടി ജോഷ്വാ, കല്ലൂപ്പാറ കല്ലറയ്ക്കൽ ചാണ്ടി ചെറിയാൻ, കല്ലൂപ്പാറ കാക്കനാട്ടിൽ അബ്രഹാം കോശി എന്നിവരും ബഥനിയിൽ സന്യാസികളായി ചേർന്നു.
1919 ൽ മുണ്ടൻ മലയിലെ ആശ്രമം ആരംഭിക്കുകയും 1920ലെ പന്തക്കുസ്താദിനത്തിൽ 3 പേരുടെ സന്യാസ പ്രതിഷ്ഠയോടെ പുരുഷന്മാർക്കു വേണ്ടിയുളള സന്യാസ പ്രസ്ഥാനം സമാരംഭിക്കുകയും ചെയ്തെങ്കിലും ഗീവറുഗീസച്ചൻ്റെ പ്രഥമ പരിഗണനയും ആദ്യം കർമ്മപഥത്തിലേക്ക് കാൽ വച്ചതും വനിതകളുടെ സന്യാസമായിരുന്നു പെൺകുട്ടികളെ കൽക്കട്ടയിലേക്ക് കൊണ്ടു പോയി വിദ്യാഭ്യാസം ചെയ്യിച്ചതും ഈ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടായിരുന്നു. 1915 ൽ ഇലഞ്ഞിക്കൻ ഇ.ജെ ജോൺ വക്കീലിൻ്റെ മകൾ അച്ചാമ്മയെ കൽക്കട്ടയിലെ ഡയസിഷൻ കോളജിലും വെണ്ണിക്കുളം കൂടത്തു മുറിയിൽ വറുഗീസിൻ്റെ മകൾ സാറാമ്മയെ ഡയസിഷൻ ഹൈസ്കൂളിലും കൊണ്ടു പോയി ചേർത്തു.
കൽക്കട്ടയിൽ നിന്നും 350 മൈൽ അകലെയുള്ള ബാരി സോളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഓക്സ്ഫോഡ് മിഷൻ ഓഫ് എപ്പിഫനി എന്ന സമൂഹത്തിൻ്റെ അധിപ മദർ ഈഡിത്തുമായി ഗീവറുഗീസച്ചൻ പരിചയപ്പെടുകയും മലങ്കരയിൽ ഒരു മഠം ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മദർ ഈഡിത്തിൻ്റെ പ്രവർത്തനമേഖലക്കു പുറത്താണ് കേരളമെന്നതിനാൽ അവർക്ക് അതു ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ബാരിസോളിൽ ഏതാനും പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സന്യാസ പരിശീലനവും നൽകാമെന്ന് മദർ സമ്മതിച്ചു. ഭാരതീയ ജീവിതത്തിൻ്റെ അന്തസത്തപരിപാലിക്കുന്ന ഒരു സങ്കേതമായിരുന്നു ബാരിസോളിലേത്.
ഗീവറുഗീസച്ചൻ്റെ ശിഷ്യനായിരുന്ന ശുരനാട് സ്വദേശി കോശി ശെമ്മാശൻ്റെ സഹോദര പുത്രി മറിയാമ്മയാണ് ബാരിസോളിലെ സന്യാസപരിശീലനത്തിന് ആദ്യം സന്നദ്ധയായത്. ഗീവറുഗീസച്ചൻ്റെ സഹോദര പുത്രി കുഞ്ഞമ്മ, പുത്തൻപുരക്കൽ ഫീലിപ്പോസിൻ്റെ മകൾ അന്നമ്മ എന്നിവർ 1915 ൽബാരിസോളിലെത്തി. 1917 ൽ മൂക്കഞ്ചേരിൽ ഡോ. എം പി.പീറ്ററുടെ സഹോദരി കുഞ്ഞിളച്ചി, കായംകുളം പൊൻവാണിഭം ഇടിച്ചാണ്ടി മകൾ ആ ച്ചിയമ്മ, കറ്റാനം ആന്നിയിൽ ചെറിയാൻ തരകൻ്റെ മകൾ പി.റ്റി. അന്നമ്മ എന്നിവരും ബാരിസോളിലെത്തി. അങ്ങനെ 1918 ഫെബ്രുവരിയിൽത്തന്നെ ഒരു സന്യാസിനി പ്രസ്ഥാനത്തിനുള്ള രൂപം ബാരിസോളിൽ മദർ ഈ ഡിത്തിൻ്റെയും മദർ ഹെലൻ്റെയും നേതൃത്വത്തിലും സഹായത്തിലും വാർത്തെടുക്കപ്പെട്ടിരുന്നു.
എന്നാൽ വനിതകളുടെ ഈ സന്യാസസമൂഹരൂപീകരണത്തിന് ദിവന്നാസ്യോസ് മെത്രാപ്പോലീത്ത അനുകൂലമായിരുന്നില്ല. സ്ത്രീകളുടെ സന്യാസം എന്ന ആശയത്തോട് തിരുമേനിക്ക് അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. അതിനാൽ ഈ അർത്ഥിനികളുടെ സന്യാസപ്രതിഷ്ഠ 1925 വരെ നീണ്ടു പോയി.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15