മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 6
സന്യാസം- മിഷണറി പ്രവർത്തനം

സമുദായ ഉന്നമനത്തിനുള്ള ആഗ്രഹം, അതു നടപ്പാക്കാൻ ഏറ്റവും പറ്റിയ വഴി ഒരു മിഷണറി സമൂഹത്തിൻ്റെ സൃഷ്ടിയാണെന്ന ചിന്ത അച്ചനിൽ ഗാഢമായി പററി കൂടി.
കത്തോലിക്കാ സഭയിലും പ്രൊട്ടസ്റ്റൻ്റ് സഭകളിലും പെട്ട ആയിരക്കണക്കിനു മിഷണറിമാർ ഭാരതത്തിൻ്റെ തെക്കും വടക്കുംഭാഗങ്ങളിൽ സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് അച്ചൻ നേരിട്ടു മനസിലാക്കി. വിദേശ മിഷണറി മാർ ചെയ്ത പ്രവർത്തനങ്ങളുടെ വിശദമായ ചരിത്രം അദ്ദേഹം പഠിച്ചു. അനേകം മിഷണറിമാരെ അദ്ദേഹം നേരിൽ കണ്ടു. യാക്കോബായ സഭയിൽ തിരുക്കൊച്ചി സംസ്ഥാനത്തിനപ്പുറം അങ്ങനെയൊരു പ്രവർത്തനം ഉണ്ടായിട്ടില്ല എന്നത് ഗീവറുഗീസച്ചനെ അസ്വസ്ഥനാക്കി.
കേരളത്തിനകത്തും പുറത്തും അക്രൈസ്തവ ജനതക്കിടയിൽ സുവിശേഷ ഘോഷണം നടത്തുന്നതിന് നിസ്വാർത്ഥരും ത്യാഗസന്നദ്ധരൂമായ ഒരു സമൂഹത്തെ സംഘടിപ്പിക്കാൻ അച്ചൻ തീവ്രമായി അഭിലഷിച്ചു.സെറാംപൂരിൽത്തന്നെ അദ്ദേഹം കൈത്തിരി തെളിച്ചു. ഒരു മിഷണറി സംഘം രൂപീകരിക്കാനുറച്ചുകൊണ്ട്, കൽക്കട്ടയിൽ വിദ്യാഭ്യാസത്തിനായി അദ്ദേഹം കൊണ്ടുവന്ന സ്വസമുദായാംഗങ്ങൾക്ക് വേണ്ട ഉത്തേജനവും ഉദ്ബോധനവും നൽകിക്കൊണ്ടിരുന്നു.
സുറിയാനി സുവിശേഷകൻ എന്ന മലങ്കരയിലെ ഒരു മാസികയിൽ' സുവിശേഷ പ്രവർത്തനങ്ങളിൽ ഇടവകപ്പട്ടക്കാർക്ക് പ്രചോദനം നൽകുന്നതിനായി ഒരു ലേഖനം അദ്ദേഹം എഴുതി.
"സർവ സംഗപരിത്യാഗികളും യഥാർത്ഥ ദൈവസ്നേഹവും ദൈവഭക്തിയും നിറഞ്ഞവരുമായ നിസ്വാർത്ഥരെക്കൊണ്ടു മാത്രമേ സുവിശേഷ പ്രഘോഷണം ശക്തിയുക്തം നടത്താൻ കഴിയുകയുള്ളുവെന്നും, പ്രൊട്ടസ്റ്റൻ്റ് സഭകളിലെപ്പോലെ ചിലർ സ്വതന്ത്രമായി അവരവരുടെ താത്പര്യപ്രകാരം യാതൊരു നിയന്ത്രണവുമില്ലാതെ ,സുവിശേഷ വേലയെന്ന പേരിൽ നടത്തുന്ന പ്രസംഗങ്ങളും പരിപാടികളും പ്രയോജനമുണ്ടാക്കുകയില്ലെന്നും കത്തോലിക്കാ സഭയിലേതുപോലെ സന്യാസപ്രസ്ഥാനങ്ങളും മിഷണറി സംഘങ്ങളും രൂപീകരിച്ചുള്ള പ്രവർത്തനം മാത്രമേ ഫലം ചെയ്യുകയുള്ളുവെന്നും” ലേഖനത്തിൽ അദ്ദേഹം എഴുതി.
വിവാഹിതരായ വൈദികർക്കും അത്മായർക്കും മിഷണറി പ്രവർത്തനങ്ങളിൽ പരിമിതികൾ ഉള്ളതിനാൽ പൂർണ സമയവും പൂർണസമർപ്പിതരുടെ ഒരു സന്യാസ സമൂഹം സ്ഥാപിക്കുകയെന്ന ദൃഢനിശ്ചയത്തിൽ ഗീവറുഗീസ് അച്ചൻ്റെ മനസ് എത്തിച്ചേർന്നു.
സന്യാസപ്രസ്ഥാനത്തിൻ്റെ നിലനിൽപ് ആശ്രമ കേന്ദ്രീകൃതമാണ്. അതിനാൽ ഒരു ആശ്രമം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. സന്യാസത്തിനുള്ള വ്രതാനുഷ്ഠാനങ്ങൾ, നിയമാവലി, ഭരണഘടന മുതലായ കാര്യങ്ങളിൽ പരിജ്ഞാനം നേടുകയെന്നതിലായിരുന്നു ആദ്യ ചുവടുവെയ്പ്. ഉത്തരേന്ത്യയിലുള്ള കത്തോലിക്കരുടെയും പ്രോട്ടസ്റ്റൻ്റുകാരുടെയും ആശ്രമങ്ങൾ സന്ദർശിച്ച് അവിടുത്തെ ശേഷ്ഠന്മാരുമായി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കി. ഒട്ടനവധി പുസ്തകങ്ങൾ സംഘടിപ്പിച്ച് വായിച്ചു. ഭൂരിഭാഗം പുസ്തകങ്ങളും കത്തോലിക്കാ സന്യാസിവര്യന്മാർ രചിച്ചവയായിരുന്നു.
മഹാകവി രവീന്ദ്രനാഥ ടാഗോറിനെ പലവട്ടം സന്ദർശിച്ച് സംഭാഷണം നടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമവും അദ്ദേഹം സന്ദർശിച്ചു. അനേകം ഭാരതീയ സന്യാസിമാരുടെ ജീവിതവും ആദർശങ്ങളും പഠിച്ചു. സന്യാസാശ്രമ സ്ഥാപനത്തിന് ഇവയൊക്കെ സഹായകമായി.
കേരളത്തിലെവിടെയെങ്കിലും ഒരു ആശ്രമം സ്ഥാപിക്കാനും തദ്വാരാ മലങ്കര സഭയെ അഭിവൃദ്ധിപ്പെടുത്താനുമുള്ള ആഗ്രഹം അദ്ദേഹം ഗുരുഭൂതനായ ദിവന്നാസിയോസ് തിരുമേനിയെയും, ഏതാനും സമുദായ പ്രമുഖരെയും കത്തുകൾ മുഖേന അറിയിച്ചു. തിരുമേനിയും പല സമുദായ പ്രമുഖരും സഹായ വാഗ്ദാനം ചെയ്തു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15