Sacred Heart Church Adoor

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ

ഭാഗം - 4


By SHM Joseph July 19, 2025 10 min read
Featured Image

മലങ്കര യാക്കോബായ സുറിയാനി സഭയിൽ ഒരു വിഭജനം ഇതോടെ അരങ്ങേറി. അബ്ദുള്ള പാത്ര യർക്കീസുമായുള്ള ബന്ധം ഉപേക്ഷിക്കുകയും കാതോലിക്കാ സിംഹാസനത്തെ അംഗീകരിക്കുകയും ചെയ്യാൻ മെത്രാന്മാരും വൈദികരും ജനവും ഉൾപ്പെട്ട ഒരു വിഭാഗം തയ്യാറായില്ല. തുടർന്ന് കോടതികളിൽ വ്യവഹാരങ്ങൾ ആരംഭിച്ചു.പ്രധാനമായും വട്ടിപ്പണത്തെ ആധാരമാക്കിയായിരുന്നു കേസുകൾ.

വട്ടിപ്പണം?

പതിനെട്ടാം നൂറ്റാണ്ടിൽ പുത്തൻകൂർ വിഭാഗത്തിലെ മാർത്തോമ്മ ആറാമൻ ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ 3000 പൂവരാഹൻ പലിശക്ക് നിക്ഷേപിച്ചിരുന്നു. ഇതിൽ നിന്നുള്ള പലിശയാണ് വട്ടിപ്പണം എന്നറിയപ്പെടുന്നത്. പഴയ സെമിനരി നിർമ്മാണത്തിനും വൈദിക വിദ്യാർത്ഥികളുടെ പരിശീലനത്തിനും ഉപയോഗിച്ചിരുന്നത് ഈ പലിശ തുകയാണ്.അബ്ദുള്ള പാത്രയർക്കീസ് മുടക്കുകയും അബ്ദദ് മിശിഹാ പാത്ര യർക്കീസ് മുടക്കു തീർക്കുകയും ചെയ്ത മലങ്കര മെത്രാപ്പോലീത്ത വട്ടശേരിൽ മാർ ദിവന്നാസ്യോസും അബ്ദുള്ള മിശിഹാ മലങ്കര മെത്രാപ്പോലീത്തയായി നിയമിച്ചിരുന്ന പൗലോസ് കൂറിലോസും തമ്മിൽ വട്ടിപ്പണത്തിൻ്റെ അവകാശത്തിനായി തർക്കമുണ്ടായി.

തുടക്കത്തിൽ വട്ടശേരിൽ തിരുമേനിക്കനുകൂലമായും പിന്നീട് എതിരായും വിധികൾ വന്നു. എന്നാൽ 1928ൽ അന്തിമ വിധി വട്ടശേരിൽ തിരുമേനിക്കനുകൂലമായിരുന്നു.

സെറാംപൂരിൽ

അമേരിക്കക്കാരനായ ഡോ.ജോൺ മോട്ടിൻ്റെ നേതൃത്വത്തിൽ കൽക്കട്ടയ്ക്കു സമീപമുള്ള സെറാം പൂരിൽ വച്ച് ക്രൈസ്തവ വിശ്വാസികളായ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു സമ്മേളനം നടന്നു.പ്രൊട്ടസ്റ്റൻ്റുകാരല്ലാത്ത സഭാ വിഭാഗങ്ങളിൽ പെട്ടവരും ഇതിലേക്ക് ക്ഷണിക്കപ്പെട്ടു. വട്ടശേരിൽ മാർ ദിവന്നാസിയോസും എം.എ അച്ചനോടൊപ്പം പോയി ഒരാഴ്ചക്കാലം സമ്മേളനത്തിൽ പങ്കെടുത്തു. പാശ്ചാത്യരും പൗരസ്ത്യരുമായ അനേകം പ്രമുഖരെ പരിചയപ്പെടാൻ എം.എ അച്ചനു കഴിഞ്ഞു. സെറാം പൂർ കോളജിൻ്റെ പ്രിൻസിപ്പലായിരുന്ന ഡോ.ഹൗവൽസ് ആയിരുന്നു അവരിൽ പ്രധാനി. അച്ചൻ്റെ പാണ്ഡിത്യവും വാഗ്മിത്വവും പെരുമാററ രീതികളും ഹൗവൽസിനെ വല്ലാതെ ആകർഷിച്ചു.

സെറാംപൂരിലെ പ്രൊഫസറായി വരാൻ ഹൗവൽസ് അച്ചനെ ക്ഷണിച്ചു. ദി വന്നാസ്യോസ് തിരുമേനിയുടെ അനുവാദമുണ്ടായാലേ വരാൻ പറ്റുകയുള്ളെന്ന് അച്ചൻ മറുപടി പറഞ്ഞു. കേരളത്തിലേക്ക് തിരികെ പോന്ന ശേഷവും ഹൗവൽസ് അനേകം കത്തുകളിലൂടെ ക്ഷണം ആവർത്തിച്ചു.

ക്ഷണം നിരസിക്കാനും സ്വീകരിക്കാനും പറ്റാത്ത മനോ സംഘർഷത്തിലായി അച്ചൻ.ദിവന്നാസിയോസ് തിരുമേനിയോടുള്ള വ്യക്തി ബന്ധവും പ്രതിസന്ധികളിൽ കൂടെ നിൽക്കേണ്ട ബാധ്യതയും സ്വന്തസമുദായത്തിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ മുൻപിൽ നിൽക്കേണ്ടതിൻ്റെ അനിവാര്യതയും എം.ഡി സെമിനാരിയെ ഉയർത്തിക്കൊണ്ടുവരാനുള്ള തീവ്രമായ ആഗ്രഹവും സെറാംപൂരിലേക്കു പോകാനുള്ള ചിന്തകൾക്ക് വിഘാതമായിരുന്നു.

സെറാംപൂരിലെ ജോലി സ്വീകരിച്ചാൽ, വൈദികരുൾപ്പടെ സമർത്ഥരായ അനേകം യുവാക്കളെ അവിടെ കൊണ്ടുപോയി ഉത്കൃഷ്ട വിദ്യാഭ്യാസം നൽകാമെന്നും അതിലൂടെ സഭയിൽ മെച്ചപ്പെട്ട വൈദിക ശ്രേണിയും ജനവും ഉണ്ടാകുമെന്നും അദ്ദേഹം ആഗ്രഹിച്ചു. പൊട്ടസ്റ്റെൻ്റ് - ബാപ്റ്റിസ്റ്റ് സ്ഥാപനമായിരുന്നുവെങ്കിലും യാക്കോബായ വിശ്വാസങ്ങൾ തങ്ങളുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനും പുരാതന വിശ്വാസത്തിനനുയോജ്യമായ ദൈവാരാധനയ്ക്കും എല്ലാ സൗകര്യങ്ങളും ഡോ.ഹൗവൽസ് മുൻകൂർ ഉറപ്പു നൽകുകയും ചെയ്തു. ഡോ. ഹൗവൽസിൻ്റെ ഏറി വരുന്ന നിർബന്ധം ദിവന്നാ സ്യോസ് തിരുമേനിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തിരുമേനി പൂർണമനസോടെ അനുഗ്രഹിച്ചനുവദിച്ചു. താമസിയാതെ അച്ചൻ എം.ഡി സെമിനരി ഹൈസ്ക്കൂൾ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചു.

സെറാംപൂരിലേക്കുള്ള യാത്രയിൽ കെ.എ യാക്കേബ് ശെമ്മാശനെയും അദ്ദേഹം കൂടെ കൊണ്ടുപോയി.

ഇംഗ്ലീഷുകാരായ പ്രൊഫസർമാർക്കു തുല്യം പദവിയും ശമ്പളവും ഫാ. പി.റ്റി ഗീവറുഗീസിനും അവിടെ ലഭിച്ചു. ശെമ്മാശന്മാരും അത് മായരുമായ അനേകം യുവാക്കളെ അദ്ദേഹം സെറാംപൂരിൽ കൊണ്ടുവന്ന് താമസിപ്പിച്ച് ഉന്നത വിദ്യാഭ്യാസം നൽകി. അവരിൽ പിന്നീട് മെത്രാന്മാരായവരും വൈദികരും അത് മായരായ പ്രഗത്ഭരും ഉണ്ട്. ഗീവറുഗീസച്ചൻ തൻ്റെ ശമ്പളവും പരീക്ഷാപേപ്പർ നോട്ടം പ്രതിഫലങ്ങളും മറ്റ് അലവൻസുകളും എല്ലാം ഇവരുടെ താമസത്തിനും പ0നത്തിനുമായി ചെലവാക്കി. ഇവയുടെ കണക്ക് അദ്ദേഹം തിരുമേനിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരുന്നു. സുറിയാനി ഭാഷ, ക്രൈസ്തവ ചരിത്രം, രാഷ്ട്രതന്ത്രം സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളാണ് അദ്ദേഹം കോളജിൽ പഠിപ്പിച്ചിരുന്നത്. കൽക്കട്ട യൂണിവേ സിറ്റിയിലും മദ്രാസ് യൂണിവേഴ്സിറ്റിയിലും സുറിയാനി ഭാഷാ പ0നം ആരംഭിക്കാൻ അച്ചൻ കാരണമായി.

സെറാമ്പൂർ വാസക്കാലത്ത് ശ്രീ രാമകൃഷണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ ടാഗോർ ,മഹാത്മാഗാന്ധി എന്നിവരെപ്പററി ആഴത്തിൽ പഠിക്കാനും അവരുടെ ആശ്രമങ്ങൾ സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി.പാശ്ചാത്യ രായ അനേകം മിഷണറിമാരെ പരിചയപ്പെടാനും സംവദിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.ഈ അറിവും ബന്ധവും പി.റ്റി.ഗീവറുഗീസച്ചൻ്റെ പിത്കാല ജീവിതത്തെ വളരെയേറെ സ്വാധീനിച്ചു.

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15