മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 14
ബഥനിയുടെ സ്വതന്ത്ര മെത്രാൻ

ബഥനിയെ കക്ഷി വൈരങ്ങളുടെ നടുവിലേക്ക് തള്ളിവിടാതിരിക്കാനും പ്രാർത്ഥനയുടെയും ധ്യാനത്തിൻ്റെയും ത്യാഗ ജീവിതത്തിൻ്റെയും വിളഭൂമിയാക്കി മാറ്റാനുമാണ് മാർ ഇവാനിയോസ് പദ്ധതിയിട്ടത്. ഇടയനടുത്ത ധർമ്മം പാലിക്കാൻ അദ്ദേഹം ദൃഢപ്രതിജ്ഞ ചെയ്തു.
കാതോലിക്കാ പക്ഷത്തെ മെത്രാന്മാരാണ് അദ്ദേഹത്തെ മഹാപുരോഹിതനായി അഭിഷേകം ചെയ്തതെങ്കിലും അഭിഷേകത്തിനു മുൻപ് കാതോലിക്കാ പക്ഷത്തോട് വിധേയത്വം പ്രഖ്യാപിക്കുകയോ മലങ്കര മെതാപ്പോലീത്തായുടെ മേലധികാരം അംഗീകരിച്ച് അനുസരണം പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചൊല്ലി ഒപ്പുവെയ്ക്കുകയോ ചെയ്തില്ല. കത്തോലിക്കാസഭയോട് അതിയായ അടുപ്പം ഉണ്ടായിരുന്നതിനാൽ, യാക്കോബായ മെത്രാന്മാർ മുൻപു ചെയ്തിരുന്നതുപോലെ മാർപ്പാപ്പയെയും കൽക്കദോനിയ സുന്നഹദോസിനെയും ശപിച്ചു കൊണ്ട് പ്രസ്താവന ചെയ്യാനും നിയുക്ത മെത്രാൻ മുതിർന്നില്ല. മേൽ ശാപ പ്രസ്താവന നടത്താതെയും ഒപ്പിടാതെയും അഭിഷേകം നടത്താൻ കഴിയില്ലെങ്കിൽ മേൽ വ്യവസ്ഥകളോടെ അഭിഷേകം സ്വീകരിക്കാൻ തനിക്കു താത്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. മേൽ പ്രതിജ്ഞകളൊന്നും ചെയ്യിക്കാതെ ബഥനിയുടെ സ്വതന്ത്ര മെത്രാനായാണ് അദ്ദേഹത്തെ അഭിഷേകം ചെയ്തത്. ദീർഘവീക്ഷണത്തോടെ കൈക്കൊണ്ട ആ തീരുമാനം മറ്റു മെത്രാന്മാരെക്കൊണ്ട് അംഗീകരിപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
തിരുവല്ല ആസ്ഥാനമാക്കിയാണു ബഥനി മെത്രാൻ സ്ഥാനമേറ്റത്. വേഷവിധാനത്തിലും കർത്തവ്യ നിർവഹണത്തിലും യാക്കോബായ മെത്രാന്മാരിൽ നിന്നും വ്യത്യസ്തനായിരുന്നു. ഇടവക ഭരണം ഏൽക്കുകയോ സുന്നഹദോസുകളിൽ സംബന്ധിക്കുകയോ ചെയ്തില്ല. ബഥനിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കി. സന്യാസിനികളുടെ പ്രതിഷ്ഠ നടത്തി. കൂടുതൽ പെൺകുട്ടികൾ കന്യാമഠത്തിൽ ചേർന്നു. പെരുനാട് ആശ്രമത്തിലേക്കും കൂടുതൽപേരെത്തി. പുതിയ ബഥനി മിഷൻ രൂപീകരിച്ചു. അതിൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ അനുമതിയോടെ വിവിധ പ്രദേശങ്ങളിൽ ദേവാലയങ്ങൾ സ്ഥാപിച്ചു. കുട്ടികൾക്കായി അനാഥാലയങ്ങൾ തുടങ്ങി. തിരുവല്ലയിൽ ബാലികാമഠം സ്കൂൾ ആരംഭിച്ചു. പ്രസ് വിപുലപ്പെടുത്തി.
പിന്നോക്ക ജാതി വിഭാഗങ്ങളിൽ പെട്ടവരെയും ക്രിസ്തീയ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. നിലവിലുള്ള പള്ളികളിൽ അവരെ ചേർക്കുന്നതിന് സാമൂഹികമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിന് പരിഹാരമായി ബഥനിപ്പള്ളികൾ അവർക്കായി തുറന്നു കൊടുത്തു. ബഥനി യുടെ നേതൃത്വത്തിൽ മലമ്പ്രദേശങ്ങളിൽ പുതിയ പള്ളികൾ ഉണ്ടായി. യാക്കോബായ സഭയിലെ സൺഡേ സ്കൂൾ, വനിതാപ്രസ്ഥാനം, യുവജന കൂട്ടായ്മ, പ്രാർത്ഥനായോഗം, കൺവെൻഷനുകൾ എന്നിവയിലെല്ലാം ബഥനി യുടെ നേതൃത്വം ഉണ്ടായി. ഇതിൻ്റെയൊക്കെ ഫലമായി മലങ്കര സഭയിൽ ഒരു നവചൈതന്യം സംജാതമായി.
1928 ൽ ദ്വിതീയ കാതോലിക്കാകാലം ചെയ്തതിനാൽ പിൻഗാമിയായി നിരണം ഇടവകയുടെ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ തൃതീയ കാതോലിക്കയായി അവരോധിച്ചു. ബഥനി മെത്രാനെ ബഥനി യുടെ സ്വതന്ത്ര മെത്രാപ്പോലീത്തയായും ഉയർത്തി. ബഥനി സസ്യാസസഭാംഗമായിരുന്ന യാക്കോബ് റമ്പാനെ മെത്രാനായും ' വാഴിച്ചു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15