മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 15
പുനരൈക്യ വഴിയിൽ

സഭയിലെ ഭിന്നതകളിലും വഴക്കുകളിലും അതിയായി വേദനിച്ച ദിവന്നാസ്യോസ് മെത്രാപ്പോലീത്തായും കാതോലിക്കാ മൂന്നാമനും മറ്റു മെത്രാന്മാരും പരിഹാരത്തിനായി മുന്നിൽ നിറുത്തിയത് മാർ ഇവാനിയോസിനെയായിരുന്നു. ആഴമായ സഭാവിജ്ഞാനവും ചരിതജ്ഞാനവും ഇംഗ്ലീഷുംസുറിയാനിയും ഉൾപ്പടെയുള്ള ഭാഷകളിലെ പ്രാവീണ്യവും എഴുത്തുകുത്തുകൾക്കും സംവാദങ്ങൾക്കുമുള്ള പാടവവും കണക്കിലെടുത്തായിരുന്നു ആ ചുമതലപ്പെടുത്തൽ. മാർ ഇവാനിയോസ് തിരുമേനിയുടെ മനസിൽ, പുനരൈക്യമെന്നാൽ കാതോലിക്കാ -പാത്ര യർക്കീസ് വിഭാഗങ്ങളെ കൂട്ടി യോജിപ്പിക്കലും 1876 ൽ പിരിഞ്ഞു പോയി, പുതിയ സഭയായി മാറിയ മാർത്തോമ്മ സുറിയാനി സഭയെയും തിരികെ കൊണ്ടുവരികയും മാത്രമായിരുന്നില്ല ലക്ഷ്യം. ഇതിൽ നിന്നെല്ലാം ഉപരിയായി കൂനൻ കുരിശു സത്യത്തോടെ വേർപിരിഞ്ഞവരെയെല്ലാം മാതൃസഭയായ , റോമിലെ മാർപ്പാപ്പക്കു വിധേയമായി വർത്തിക്കുന്ന, കത്തോലിക്കാ സഭയിലേക്ക് തിരികെ കൊണ്ടുപോവുകയെന്നതായിരുന്നു ആത്യന്തികലക്ഷ്യം. കേസും വഴക്കും ഒഴിവായി, സഭയിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കാൻ കത്തോലിക്കാ സഭയുമായുള്ള കൂടിച്ചേരലാണു നല്ലതെന്ന് മറ്റു മെത്രാന്മാർക്കും ബോദ്ധ്യമായി. മൂന്നാം കാതോലിക്ക ബാവയുമായും ദിവന്നാസ്യോസ് മെത്രാപ്പോലീത്തയുമായും കാതോലിക്ക പക്ഷത്തെ മറ്റു മെത്രാന്മാരുമായും ദീർഘചർച്ച ചെയ്ത് കത്തോലിക്കാ പുനരൈകുത്തിനായി അവർ കൂട്ടായി നീങ്ങി.
കൂനൻ കുരിശുസത്യത്തിനു ശേഷം വേർപിരിഞ്ഞ പുതിയകൂറ്റുകാർ എന്നറിയപ്പെടുന്നവർ അനേകർ തെറ്റുമനസിലാക്കി കത്തോലിക്കാ സഭയിലേക്കു തിരിച്ചു വരാൻ നടത്തിയ ശ്രമങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കുമല്ലൊ. കൂനൻ കുരിശു സത്യത്തിനു ശേഷം114 പള്ളിക്കാരാണു കത്തോലിക്കാ സഭയിൽ നിന്നും വേർപിരിഞ്ഞു മാറിപ്പോയത്. അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന 12 വൈദികർ ചേർന്നു മറ്റൊരു വൈദികനെ മെത്രാനായി അവരോധിച്ചു. അർക്കദിയാക്കോൻ എന്ന ഈ വൈദികനെ ഒന്നാം മാർത്തോമ്മ എന്നറിയപ്പെട്ടു. തുടർന്ന് ആറു മാർത്തോമ്മമാർ പുത്തൻകൂർ വിഭാഗത്തെ ഭരിച്ചു. വൈദികർ ചേർന്നു് മെത്രാനെ വാഴിക്കാനോ മറ്റൊരാൾക്കു പട്ടം കൊടുത്ത് വൈദികനാക്കാനോ സാദ്ധ്യമല്ലാതിരിക്കെ ഈ ആറു മാർത്തോമ്മമാർ സാധുവല്ലാത്ത കർമ്മങ്ങളാണ് നടത്തിയിരുന്നത്.
കേരളത്തിലെ പ്രശ്നങ്ങൾ മനസിലാക്കി മാർപ്പാപ്പ കേരളത്തിലേക്കയച്ച ഇറ്റാലിയൻ മെത്രാൻ ജോസഫ് സെബസ്റ്റ്യാനി എന്ന കർമ്മലീത്ത സന്യാസിയുടെ പരിശ്രമത്താൽ 84 പള്ളികൾ അർക്കദിയാക്കോൻ എന്ന ഒന്നാം മാർത്തോമ്മയെ വിട്ട് കത്തോലിക്കാ സഭയിലേക്ക് മടങ്ങി. 30 പള്ളികൾ അർക്കദിയാക്കോൻ പക്ഷത്തുനിന്നു.
ഒന്നാം മാർത്തോമ്മ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടാൻ ആഗ്രഹിച്ച്, ജോസഫ് സെബസ്റ്റ്യാനി മെത്രാൻ്റെ സഹായം തേടി. എന്നാൽ സ്വയം മെത്രാനായ ആൾ പരസ്യമായി അതുപേക്ഷിച്ചാൽ ആവശ്യം അംഗീകരിക്കാമെന്നും എന്നാൽ ഭരണപരമായ അധികാരങ്ങൾ നൽകുന്നത് മാർപ്പാപ്പയുടെ അനുവാദത്തോടെ മാത്രമേ സാധിക്കുകയുള്ളുവെന്നും പറഞ്ഞ് ഒഴിഞ്ഞു മാറി.
രണ്ടും മൂന്നും മാർത്തോമ്മ മാർ പുനരൈക്യത്തിനായി ശ്രമിച്ചില്ല. നാലാം മാർത്തോമ്മ ( 1688- 1728) കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാൻ ആഗ്രഹിച്ച് മാർപ്പാപ്പയുമായി കത്തിടപാടുകൾ നടത്തി കാത്തിരുന്നുവെങ്കിലും വിജയിച്ചില്ല. അഞ്ചാം മാർത്തോമ്മയുടെ 1728 മുതൽ1765 വരെയുള്ള ഭരണകാലത്ത് തൻ്റെ സഭയെ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെടാൻ ദീർഘമായ കത്തിടപാടുകൾ റോമുമായി നടത്തി. കത്തോലിക്കാ സഭയിൽ നിന്നും വേർപെട്ടു പോയതിനെപ്പറ്റി ഖേദമോ, ശ്ലൈഹിക പിന്തുടർച്ചയില്ലാതെ വൈദിക പട്ടവും മെത്രാൻ പട്ടവും സ്വീകരിച്ചതിനെപ്പറ്റിയോ വൈദിക പട്ടം നൽകിയതിനെപ്പറ്റിയോ പരാമർശമൊന്നുമില്ലാതിരുന്നതിനാൽ റോമിന് പല സംശയങ്ങളും ഉണ്ടായി. അഞ്ചാം മാർത്തോമ്മയുടെ പ്രസ്താവനകളെല്ലാം വെറും നാട്യങ്ങളായി റോമിനു തോന്നി. അതിനാൽ ശ്രമം വിജയിച്ചില്ല.
അഞ്ചാം മാർത്തോമ്മ മരണസമയത്ത് അനന്തരവനെ കൈവയ്പിലൂടെ മെത്രാനാക്കി അവരോധിച്ചു. 1765 മുതൽ 1808 വരെ അദ്ദേഹം പുത്തൻ കൂറിനെ നയിച്ചു. കത്തോലിക്കാ പുനരൈകൃത്തിന് അദ്ദേഹവും ശ്രമമാരംഭിച്ചു. യഥാർത്ഥ കൈവെയ്പില്ലാത്തയാളിനെ സഭയുടെ ആത്മീയ നേതൃത്വം ഏൽപിക്കാൻ റോം വിസമ്മതിച്ചു. എന്നാൽ പ്രോട്ടോ നോട്ടറി എന്ന സ്ഥാനം നൽകി ഭൗതികാധികാരങ്ങൾ നൽകാമെന്നും റോമിൻ്റെ തീരുമാനം അദ്ദേഹം നിരസിച്ചു. താൻ യഥാർത്ഥ കൈവെയ്പില്ലാത്തയാളാണെന്നും താൻ വൈദികരായി നിയമിച്ചവരും യഥാർത്ഥ കൈവെയ്പില്ലാത്തവരാണെന്നും ജനം തിരിച്ചറിയുമെന്നതായിരുന്നു ആറാം മർത്തോമ്മയുടെ ദുഃഖം.
ഈ സംഭവവികാസങ്ങൾക്കിടയിൽ അഞ്ചും ആറും മാർത്തോമ്മമാർ വിദേശ യാക്കോബായ മെത്രാന്മാരുമായി ബന്ധപ്പെടുകയും തങ്ങളുടെ പട്ടം ക്രമപ്പെടുത്തിക്കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പല സുറിയാനി മെത്രാന്മാരും കേരളത്തിൽ വരികയും സാഹചര്യങ്ങൾ മനസിലാക്കി ആർക്കും മെത്രാൻ പട്ടം നൽകാതെ തിരികെ പോവുകയും ചെയ്തു. ഇവിടെയുള്ള ജനങ്ങളുടെ ആത്മീയ കാര്യങ്ങൾ' നേരിട്ടു നോക്കുന്നതിനായിരുന്നു അവരുടെ താത്പര്യം. ഏറ്റവും ഒടുവിൽ അന്ത്യോക്യൻ യാക്കോബായ മെത്രാനായ ഗ്രിഗോറിയോസ്, ഈവാനിയോസ് എന്നിവർ ഭരണ കർത്താക്കളായ ഡച്ചുകാരുടെയും കോടതിയുടെയും നിർബന്ധം കണക്കിലെടുത്ത് മാർത്തോമ്മ ആറാമന് 1772 ൽ നിരണം പള്ളിയിൽ വച്ച് പട്ടം നൽകി. ഒന്നാം ദിവന്നാസ്യോസ് എന്നു പേരുസ്വികരിച്ചു. ശെമ്മാശപട്ടം മുതൽ മെത്രാൻ പട്ടം വരെ ഒരുമിച്ചു നൽകിയാണ് മെത്രാനായി വാഴിച്ചത്. 118 കൊല്ലം മെത്രാന്മാരില്ലാതിരുന്ന പുത്തൻകൂർ വിഭാഗത്തിന് അങ്ങനെ മെത്രാനെ ലഭിച്ചു. പുത്തൻകൂർ വിഭാഗം അങ്ങനെ അന്ത്യോക്യൻ യാക്കോബായ സഭയുടെ ഭാഗമായി മാറി.
മെത്രാനായശേഷവും കത്തോലിക്കാ സഭയുമായി പുനരൈക്യ പ്പെടാൻ വിദേശ മിഷണറിമാരുടെ സഹായത്തോടെ ശ്രമങ്ങൾ നടത്തി. അതും വിഫലമായി. കരിയാറ്റിൽ ജോസഫ് മല്പാൻ്റെയും പാറേമ്മാക്കൽ തോമ്മാ കത്തനാരുടെയും സഹായത്തോടെ വീണ്ടും ശ്രമങ്ങൾ നടത്തി. അനേക നിരീക്ഷണങ്ങൾക്കൊടുവിൽ അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കുവാൻ ആറാം പീയൂസ് മാർപ്പാപ്പ തീരുമാനിച്ചു. കരിയാറ്റിൽ ജോസഫ് മല്പാനെ മെത്രാപ്പോലിത്തയാക്കി അവരോധിച്ച്, മാർത്തോമ്മയുടെ പുനരെക്യത്തിനായുള്ള കാര്യങ്ങൾ നിർവഹിക്കാനുള്ള അധികാരങ്ങൾ നൽകി കേരളത്തിലേക്കയച്ചു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14