മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 7
ആശ്രമ സ്ഥാപനം

ആശ്രമസ്ഥാപനത്തിൻ്റെ പ്രാരംഭം കുറിച്ചത് സെറാംപൂരിൽ വച്ചു തന്നെ ആയിരുന്നു. അച്ചനും കൂടെയുള്ള ശെമ്മാശന്മാരും സന്യാസപരമായ ജീവിതം നയിക്കുന്നതിന് ആരംഭിച്ചു. നിസാരങ്ങളായ ഏതാനും അനുഷ്ഠാനങ്ങളും വ്രതങ്ങളും മാത്രമായിരുന്നു പ്രാരംഭത്തിൽ. കൃത്യസമയത്ത് നമസ്കാര പ്രാർത്ഥനകൾ, ധ്യാനം, ആത്മശോധന, മൗനം ആദിയായ നിയമങ്ങളിലുള്ള പരിശീലനമാണ് ആദ്യം നൽകിയത്. ക്രമേണ സന്യാസപ്രസ്ഥാനത്തിൻ്റെ വിത്ത് കിളിർത്തു തുടങ്ങി. തികച്ചും ഭാരതീയമായ ശൈലിയിലായിരിക്കണം സന്യാസാ ശ്രമമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. കേരളത്തിൽ എവിടെയാണ് ആശ്രമം സ്ഥാപിക്കുകയെന്നത് അച്ചൻ്റെ ഹൃദയത്തെ മഥിച്ചു കൊണ്ടിരുന്നു.
ജനവാസമില്ലാത്തതും ശബ്ദ ബഹളങ്ങളില്ലാത്തതുമായ ഒരു സ്ഥലമായിരുന്നു മനസിൽ. സ്ഥലം കിട്ടിയാലും കെട്ടിടങ്ങൾ പണിയുക, ആശ്രമസ്ഥരുടെ നിത്യവൃത്തി, ഇതര പ്രവർത്തന ചെലവുകൾ മുതലായവയ്ക്കെല്ലാം, പണം കണ്ടെത്തുന്നതും കീറാമുട്ടിയായി തോന്നി. ദൈവം നോക്കിക്കൊള്ളും എന്ന വിശ്വാസത്തിൽ ഉറച്ചു നിന്നു.
ആ ശ്രമസ്ഥാപനം സംബന്ധമായി തൻ്റെ അടുത്ത സ്നേഹിതനും ക്രൈസ്തവ നേതാവും അഭിഭാഷകനും വലിയ ധനാഢ്യനുമായിരുന്ന ഇലഞ്ഞിക്കൽ ഇ.ജെ ജോണിൻ്റെ പേർക്ക് ഒരു കത്തെഴുതിയിരുന്നു. അതിനു ലഭിച്ച മറുപടി അത്യന്തം സന്തോഷദായകവും പോത്സാഹജനകവുമായിരുന്നു. വടശേരിക്കരയ്ക്കടുത്ത് പെരുനാട് എന്ന സ്ഥലത്ത് തൻ്റെ വകയായി കുറെ സ്ഥലമുണ്ടെന്നും അതിൽ 100 ഏക്കർ ആശ്രമത്തിനായി നൽകാമെന്നുമായിരുന്നു, ഇ.ജെ ജോണിൻ്റെ മറുപടിക്കത്തിൻ്റെ ഉള്ളടക്കം.
ഏതാനും മാസങ്ങൾക്കു ശേഷം ഗീവറുഗീസച്ചൻ നാട്ടിലെത്തി ഇ.ജെ ജോണി നൊപ്പം പെരുനാട്ടിൽ സ്ഥലം കാണാൻ പോയി. പുത്തൻകാവിൽ കെ.ജി ചെറിയാൻ, റാന്നിയിലെ ഐ.എം ഇടിക്കുള, എന്നിവരും അച്ചനോടൊപ്പം ഉണ്ടായിരുന്നു. ആ മലമ്പ്രദേശം മുഴുവൻ അവർ കയറിയിറങ്ങി കണ്ടു. സ്ഥലം ആശ്രമത്തിനുയോജ്യമാണെന്നു ബോദ്ധ്യമായി. പ്രസ്തുത 100 ഏക്കറിന് ചുറ്റുമായി കിടന്ന സർക്കാർ വക പുറമ്പോക്കു സ്ഥലത്തിൽ നിന്നും കുറെ സ്ഥലം കൂടെ പതിപ്പിച്ചെടുക്കാനും എല്ലാവരും കൂടെ തീരുമാനിച്ചു. കെ.സി മാമൻ മാപ്പിള, കെ.കെ ലൂക്കോസ് എന്നിവരുടെ കൂടെ സഹായത്തോടെ സർക്കാരിൽ അപേക്ഷ നൽകി, വിലയടച്ച് പതിപ്പിച്ചെടുത്തു. കൈവശം പണമില്ലാതിരുന്നതിനാൽ സ്വന്തം പിതാവിനോട് കടമായി വാങ്ങിയ പണം കൊണ്ടാണ് വിലയടച്ചത്. പമ്പാനദിയുടെയും കക്കാട്ടാറിൻ്റെയും സംഗമസ്ഥാനത്തിനടുത്താണ് മുണ്ടൻ മലയെന്ന ഈ സ്ഥലം.
അങ്ങനെ പതിപ്പിച്ചെടുത്ത 30O ഏക്കർ ഉൾപ്പടെ ആശ്രമത്തിനായി 400 ഏക്കർ സ്ഥലം ലഭിച്ചു. സഹോദരനായ മത്തായി പണിക്കരും കിളീലേത്ത് ചാക്കോയും അവിടെയുണ്ടായിരുന്ന സർക്കാർ ഭുമിയിൽ കുറെ സ്വന്തമായി പതിപ്പിച്ചെടുക്കാൻ ആഗ്രഹിച്ചുവെങ്കിലും അച്ചൻ കർശനമായി വിലക്കി. ആശ്രമത്തിനായിട്ടല്ലാതെ വ്യക്തിപരമായി ഒരാളും ഒരു സെൻ്റ് ഭൂമി പോലും ഈ പ്രദേശത്ത് സമ്പാദിക്കുവാൻ അച്ചൻ അനുവദിച്ചില്ല. "ഒരുവൻ ദൈവകാര്യങ്ങൾക്കായി പുറപ്പെടുമ്പോൾ അവൻ്റെ ഭവന കാര്യങ്ങൾ ദൈവം നോക്കിക്കൊള്ളും" എന്നായിരുന്നു അച്ചൻ്റെ മറുപടി.
കാടുവെട്ടിത്തെളിക്കാനും കെട്ടിടങ്ങൾ പണിയുവാനും റോഡുകളും കയ്യാലകളും നിർമ്മിക്കുവാനും മറ്റു പ്രാരംഭ ചെലവുകൾക്കുമായി 7000 രൂപയോളം വേണ്ടിയിരുന്നു. സെറാമ്പൂരിൽ പരിചയപ്പെട്ട അമേരിക്കൻ മിഷണറിയായ ജെ.എച്ച് ഹൗളറുടെ സഹായത്തോടെ സർ ഡാനിയൽ ഹാമിൽട്ടൺ എന്ന സായ്പ് 7000 രൂപാ കടമായി നൽകി.
ആശ്രമത്തിനുള്ള സ്ഥലം കണ്ടെത്തിയ ശേഷം പ്രാരംഭ കാര്യങ്ങൾ നിർവഹിക്കുന്നതിനായി നിരണം സ്വദേശിയായ അലക്സിയോസ് ശെമ്മാശനെയും ശൂരനാട് ഉമ്മൻ വാദ്ധ്യാരെയും അച്ചൻ്റെ സഹോദരൻ മത്തായിപ്പണിക്കരെയും കിളീലേത്ത് ചാക്കോയെയും ചുമതലപ്പെടുത്തി. ഗീവറുഗീസച്ചൻ സെറാമ്പൂരിലേക്ക് തിരിച്ചുപോയി. കാടുവെട്ടിത്തെളിച്ച് മുളയും മരക്കൊമ്പുകളും ഉപയോഗിച്ചു കെട്ടിടങ്ങൾ നിർമ്മിച്ച് പുല്ലുകൊണ്ട് മേഞ്ഞുണ്ടാക്കിയവയായിരുന്നു ആശ്രമമുറികളും ചാപ്പലും എല്ലാം. വന്യമൃഗങ്ങളും ഇഴജന്തുക്കളും വിഹരിച്ചിരുന്ന ഒരു വിശാലമലമ്പ്രദേശം ഒരുക്കിയെടുക്കുക അതിതീവ്രമായ അദ്ധ്വാനമായിരുന്നു. അച്ചൻ വിശ്വസിച്ചേൽപ്പിച്ചവർ ജീവൻ തൃണവൽക്കരിച്ചും ദൗത്യം നിറവേറ്റി.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15