മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 3
മലങ്കര യാക്കോബായസഭയുടെ വിഭജനം

പി.റ്റി.ഗീവറുഗീസച്ചൻ പിന്നീടങ്ങോട്ട് എം.എ അച്ചൻ എന്നറിയപ്പെടാൻ തുടങ്ങി. വൈദികർ ആരും തന്നെ എം.എ പാസായവർ അന്നുണ്ടായിരുന്നില്ല.എം.ഡി സെമിനരി ഹൈസ്ക്കൂൾ പ്രിൻസിപ്പൽ കൂടിയായിരുന്നതിനാൽ കോട്ടയം പട്ടണവും ജന്മനാടായ മാവേലിക്കരയും അദ്ദേഹത്തിന് ആഘോഷമായി സ്നേഹാദരങ്ങളർപ്പിച്ച് സ്വീകരിച്ചു.
മത സാംസ്കാരിക രംഗങ്ങളിൽ ഒരു നിർണായക ശക്തിയായി അദ്ദേഹം വളർന്നു. സുറിയാനി സഭയുടെ ചരിത്രവും പദവിയും അഗാധമായി പഠിച്ചു. കഠിനാദ്ധ്വാനിയും ബുദ്ധിമാനുമായിരുന്ന അദ്ദേഹത്തിന് അതേ പോലെ വിശേഷണങ്ങൾക്കർഹതപ്പെട്ട സമകാലികരായി ആരും ഉണ്ടായിരുന്നില്ല. അക്കാലത്ത് അന്ത്യോക്യയിൽ യാക്കോബായ സഭയ്ക്ക് രണ്ടു പാത്ര യർക്കീസുമാർ സമാന്തരമായി അധികാരത്തിലിരുന്നു.
പത്രോസ് ശ്ലീഹാ സുവിശേഷ മറിയിച്ച സ്ഥലമാണ് അന്ത്യോക്യയും സമീപ പ്രദേശങ്ങളും. നാലാം നൂറ്റാണ്ടിൽ യാക്കോബായ സഭയുടെ ആരംഭത്തോടെ കത്തോലിക്കാ സഭയും യാക്കോബായ സഭയും ഉണ്ടായി. ഏഴാം നൂറ്റാണ്ടിൽ മുസ്ലീം അധിനിവേശം സഭകളെ വളരെയേറെ നശിപ്പിച്ചു. എന്നിരുന്നാലും പീഢനം സഹിച്ചും ക്രൈസ്തവ സമൂഹം നിലനിന്നുപോന്നു. സുൽത്താന്മാർ സഭയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 1895 ൽ യാക്കോബായ സഭയുടെ പാത്രയർക്കീസായി അബ്ദദ്മിശിഹാ സ്ഥാനാരോഹണം ചെയ്തിരുന്നു. അദ്ദേഹത്തിൻ്റെ തെരഞ്ഞെടുപ്പിൽ അഴിമതിയാരോപിച്ച് സുൽത്താൻ അതു റദ്ദുചെയ്തു. എന്നാൽ രാജി വയ്ക്കാതെ അബ്ദദ് മിശിഹാ മറ്റൊരു പ്രദേശത്തേക്ക് മാറി സ്ഥാനമുറപ്പിച്ച
സുൽത്താൻ്റെ അനുമതിയോടെ 1906 ആഗസ്റ്റ് 15 ന് അബ്ദുള്ള പാത്രയർക്കീസ് സ്ഥാനാരോഹണം ചെയ്തു. വട്ടശേരിൽ മല്പാൻ, പൗലോസ് റമ്പാൻ എന്നിവരെ മെത്രാന്മാരായി വാഴിച്ചത് അബ്ദുള്ള പാത്രയർക്കീസായിരുന്നു.
മലങ്കര സന്ദർശത്തിനായി അബ്ദുള്ള പാത്ര യർക്കീസ് 1910 ൽ കേരളത്തിലെത്തി. ബോംബെയിൽ കപ്പലിറങ്ങിയ അദ്ദേഹത്തെ കൂട്ടികൊണ്ടു വന്നതും സന്ദർശനത്തിന് ക്രമീകരണ ങ്ങൾ ചെയ്തതുമെല്ലാം എം.എ അച്ചനായിരുന്നു. മലങ്കരയിലെ യാക്കോബായ മെത്രാന്മാരെ ഓരോരുത്തരെയായി പാത്രയർക്കീസ് പഴയ സെമിനരിയിലേക്ക് വിളിച്ചു വരുത്തി. ഒരു ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ അവരോട് ആവശ്യപ്പെട്ടു. പാത്ര യർക്കീസിൻ്റെ ആത്മീയ അധികാരങ്ങളോടൊപ്പം മലങ്കര സഭയിലെ ഭൗതിക കാര്യങ്ങളിലും അദ്ദേഹത്തിനായിരിക്കും അധികാരമെന്നതായിരുന്നു വ്യവസ്ഥ. പല മെത്രാന്മാരും അത് അംഗീകരിച്ചെങ്കിലും വട്ടശേരിൽ മാർ ദിവന്നാസ്യോസ് അതിനു സന്നദ്ധനായില്ല. അങ്ങനെ ചെയ്താലുണ്ടാവുന്ന അപകടങ്ങൾ എം.എ അച്ചനാണ് ദിവന്നാസ്യോസിനെ ബോദ്ധ്യപ്പെടുത്തിയതും ഉറച്ചു നിൽക്കാൻ ധൈര്യപ്പെടുത്തിയതും.
തുടർന്ന് പാത്ര യർക്കീസ് ദിവന്നാസ്യോസിനെ മുടക്കി.അതോടെ സഭയിൽ പ്രബലമായ രണ്ടു ഗ്രൂപ്പുകൾ ഉടലെടുത്തു. മെത്രാൻ കക്ഷിയും ബാവാ കക്ഷിയും.കോട്ടയവും പഴയ സെമിനരിയും സ്ഥാപനങ്ങളും പള്ളികളും സംഘർഷ വേദികളായി മാറി. കൊലപാതകം വരെ അരങ്ങേറി. ദിവന്നാസ്യോസിനും എം.എ അച്ചനും ജീവൽ ഭീഷണിയും ഉണ്ടായി.
ഇതിനിടെ എം.എ അച്ചൻ ദിവന്നാേ സ്യോസ് തിരുമേനി പോലും അറിയാതെ അബ്ദദ് മിശിഹാ പാത്ര യർക്കീസിന് മലങ്കരയിലെ വിവരങ്ങൾ വിശദീകരിച്ച് കത്തയച്ചു.ദിവന്നാ സോസ് തിരുമേനിയുടെ മുടക്കു തീർക്കാനും ടൈഗ്രിസിൽ മുൻപ് നിലവിലുണ്ടായിരുന്ന കാതോലിക്കാ സിംഹാസനം മലങ്കരയിൽ സ്ഥാപിക്കാനും അദ്ദേഹം സന്നദ്ധനായി. കാതോലിക്കാ സിംഹാനസ്ഥാപനത്തിലൂടെ മലങ്കരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നത് എം.എ അച്ചൻ്റെ നിർദേശം ആയിരുന്നു.
വളരെയേറെ പ്രതിസന്ധികളുണ്ടായെങ്കിലും അബ്ദദ് മിശിഹ മലങ്കരയിലെത്തി. ദിവന്നാസ്യോസിൻ്റെ മുടക്ക് തീർക്കുകയും കണ്ടനാട് ഭദ്രാസനാധിപനായിരുന്ന മാർ ഈവാനിയോസ് തിരുമേനിയെ കാതോലിക്ക യായി നിരണം പള്ളിയിൽ വച്ച് വാഴിക്കുകയും ചെയ്തു. ഇതിൻ്റെയെല്ലാം ആസൂത്രകനും നടത്തിപ്പുകാരനും എം.എ അച്ചനായിരുന്നു. ശത്രുക്കളെക്കുറിച്ചുള്ള ഭയത്താൽ കാതോലിക്കാ വാഴ്ചയിൽ നിന്നു പിൻ വാങ്ങാനൊരുങ്ങിയ പാത്രയർക്കീസിനെ ധൈര്യപ്പെടുത്തിയതും അദ്ദേഹത്തെ ബോംബെ വരെ അനുയാത്ര ചെയ്തതും എം.എ അച്ചൻ തന്നെയായിരുന്നു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15