Sacred Heart Church Adoor

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ

ഭാഗം - 16


ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ

By SHM Joseph September 16, 2025 10 min read
Featured Image

ആറാം മാർത്തോമ്മയെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കാനുള്ള കല്പന നൽകുന്നതിനുമുൻപ് റോമിൽ നിന്നും വിശദമായ പഠനങ്ങൾ നടത്തിയിരുന്നു. അദ്ദേഹത്തിന് കൈവെയ്പ് നൽകിയ സുറിയാനിയാക്കോബായ മെത്രാന്മാരുടെ അധികാരത്തെപ്പറ്റിയും മാർത്തോമ്മ സമർപ്പിച്ച അപേക്ഷ യഥാർത്ഥത്തിൽ അദ്ദേഹം എഴുതിയതാണോയെന്നും അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആത്മാർത്ഥമായിട്ടുള്ളവയാണോയെന്നും അതോ സ്ഥാപിതതാത്പര്യപ്രചോദിതമാണോയെന്നും വിശദമായി സമയമെടുത്ത് അന്വേഷിച്ചു. തുടർന്ന് ഗോവ, കൊച്ചി ലത്തീൻ മെത്രാപ്പോലീത്തമാരുടെ പിന്തുണയോടെയും പോർട്ടുഗൽ ഗവൺമെൻ്റിൻ്റെ അംഗീകാരത്തോടെയും റോമിൽ നിന്നും അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് സ്വീകരിക്കാൻ തീരുമാനമുണ്ടാവുകയാണുണ്ടായത്. ഭരണാധികാരവും ആത്മീയാധികാരവും നൽകി സ്വീകരിക്കുന്നതിനായിരുന്നു കരിയാറ്റിൽ മെത്രാൻ ചുമതലപ്പെടുത്തപ്പെട്ടത്. മാർപ്പാപ്പയുടെ കല്പനയുമായി അദ്ദേഹം ഗോവയിലെത്തി താമസിച്ചു. കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപായി ജോസഫ് കരിയാറ്റിൽ മെത്രാൻ അകാലത്തിൽ മരണമടഞ്ഞു. 1786 സെപ്റ്റംബർ 9ാം തീയതി. അങ്ങനെ ആറാം മാർത്തോമ്മയുടെ മൂന്നാമത്തെ പുനരൈക്യ ശ്രമവും നടക്കാതെ പോയി.

കേരളത്തിലെ പഴയകൂർസഭയുടെ ഒരു പ്രധാന നേതാവായിരുന്ന,ധനാഢ്യനായിരുന്ന, തച്ചിൽ മാത്തു തരകൻ പ്രത്യേക താത്പര്യമെടുത്ത് വീണ്ടുമൊരു ശ്രമം കൂടി നടത്തി. 1796 സെപ് 19 ന് കൊല്ലത്ത് ഒരു യോഗം ചേർന്നു. കൊച്ചി രൂപതാ മെത്രാപ്പോലീത്തയും മാത്തു ത്തകനും മാർത്തോമ്മയും പാറേമ്മാക്കൽ തോമ്മാ കത്തനാരും മറ്റു കുറെപ്പേരും അതിൽ പങ്കെടുത്തു.

ആറാം മാർത്തോമ്മയെ കത്തോലിക്കാ സഭയിലേക്ക് കൊണ്ടുവരാൻ മാർപ്പാപ്പ വർഷങ്ങൾക്കു മുൻപു തന്നെ അനുവദിച്ചതാണെന്നും അതിനാൽ വീണ്ടും റോമിലേക്ക് ഒരപേക്ഷ കൂടി നൽകണമെന്നും തീരുമാനിച്ചു. എന്നാൽ തയ്യാറാക്കി അപേക്ഷ വേണ്ട വിധത്തിൽ റോമിനു കൈമാറുന്നതിൽ കൊച്ചീ മെത്രാൻ വീഴ്ച വരുത്തി. ആറാം മാർത്തോമ്മയെ മെത്രാനായി സ്വീകരിച്ചാൽ അദ്ദേഹം പഴയ കുറുകാരുടെയും കൂടി മെത്രാനാകുമെന്നത് നിലവിൽ അവരുടെയും കൂടി മെത്രാനായിരിക്കുന്ന കൊച്ചീ മെത്രാന് സ്വീകാര്യമായിരുന്നില്ല. ഭരണമില്ലാതെ സ്ഥാനികമായി മാത്രം മെത്രാനായിരിക്കുവാൻ മാർത്തോമ്മ ഇഷ്ടപ്പെട്ടതുമില്ല. അങ്ങനെ മാർത്തോമ്മയുടെ നാലാം പുനരൈക്യ ശ്രമവും പരാജയപ്പെട്ടു. യാക്കോബായ വിശ്വാസത്തിലേക്കു കടന്നുവന്ന പുത്തൻ കൂറുകാരെ കത്തോലിക്കാ സഭയിൽ തിരിച്ചെത്തിക്കാൻ ആറാം മാർത്തോമ്മ ഒരു അവസാനശ്രമം കൂടി നടത്താനുറച്ചു. പഴയ കുറുകാരനായ തച്ചിൽ മാത്തു തരകൻ വീണ്ടും സഹായവുമായെത്തി.ഉദയംപേരൂർ സുന്നഹദോസ് തീരുമാനങ്ങൾ സമ്മതിക്കാതിരുന്നതിനാലാണ് പുനരൈക്യ നീക്കങ്ങൾ കൊച്ചി മെത്രാൻ അംഗീകരിക്കാതിരുന്ന സംശയത്തിൽ, മാർത്തോമ്മ, ഉദയംപേരൂർ സുന്നഹദോസ് തീരുമാനങ്ങൾ താൻ അംഗീകരിക്കുന്നതായി ഒരു കരാർ എഴുതി കൊച്ചീ മെത്രാനു നൽകി.

തുടർ ചർച്ചകൾക്കും നടപടികൾക്കും ശേഷം 1999 ജൂൺ 22 ന് മാർത്തോമ്മയും അനുയായികളും ആലപ്പുഴ തത്തംപള്ളി മാർ മിഖായേൽ ദേവാലയത്തിൽവച്ചു കത്തോലിക്കാ സഭയിൽ ചേർന്നു. ആറുമാസത്തോളം തത്തം പള്ളി പള്ളിയിൽ താമസിച്ച് കുർബാനയർച്ചിച്ചു. പക്ഷേ മാർത്തോമ്മക്ക് സഭയുടെ ഭൗതികഭരണാധികാരം നൽകാമെന്ന കരാർ കൊച്ചി മെത്രാൻ പാലിക്കാതിരുന്നതിനാൽ അദ്ദേഹം പുത്തൻ കൂറിലേക്കു തിരിച്ചു പോവുകയും പുത്തൻകാവിലെത്തി താമസിച്ച് യാക്കോബായ സഭാ മെത്രാപ്പോലീത്താ യെന്നനിലയിൽ ഭരണം നടത്തുകയും 1803 ൽ നിര്യാതനാവുകയും ചെയ്തു.

അങ്ങനെ ആറാം മാർത്തോമ്മയുടെ അഞ്ചാം പുനരൈക്യ ശ്രമം ഒരേ സമയം വിജയവും ആത്യന്തികമായി പരാജയവുമായി മാറി. ആറാം മാർത്തോമ്മയുടെ നിര്യാണ ശേഷം യാക്കോബായ സഭയുടെ അദ്ധ്യക്ഷന്മാരായിരുന്ന നാലു മൊത്രാപ്പോലീത്തമാർ വീണ്ടും പുനരൈക്യ ശ്രമങ്ങൾ നടത്തി.

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

ഭാഗം - 1: ബാല്യം

ഭാഗം - 2: എം.ഡിസെമിനരി

ഭാഗം - 3: മലങ്കര യാക്കോബായസഭയുടെ വിഭജനം

ഭാഗം- 4: വിഭജനം പൂർണ്ണതയിലേക്ക്

ഭാഗം- 5: വനിതാ വിദ്യാഭ്യാസം

ഭാഗം- 6: സന്യാസം- മിഷണറി പ്രവർത്തനം

ഭാഗം- 7: ആശ്രമ സ്ഥാപനം

ഭാഗം- 8: മുണ്ടൻ മലയിലെ ആശ്രമം

ഭാഗം- 9: ആശ്രമ ജീവിതം

ഭാഗം- 10: ആശ്രമം - തുടർപ്രവർത്തനങ്ങൾ

ഭാഗം- 11: സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും

ഭാഗം- 12: മെത്രാൻ പദവിയിലേയ്ക്ക്

ഭാഗം- 13: അഭിഷേകാനന്തരം

ഭാഗം- 14: ബഥനിയുടെ സ്വതന്ത്ര മെത്രാൻ

ഭാഗം- 15: പുനരൈക്യ വഴിയിൽ

ഭാഗം- 16: ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ

ഭാഗം- 17: ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ

ഭാഗം- 18: പുത്തൻ കൂറിലെ പുതിയ സഭകൾ - 1

ഭാഗം- 19: പുത്തൻ കൂറിലെ പുതിയ സഭകൾ - 2