മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 21
അന്ത്യോക്യൻ പാത്രിയർക്കീസുമായി ചർച്ചകൾ
അന്ത്യോക്യൻ പാത്രയർക്കീസ് റഹ്മാനിയുമായി ആദ്യ കത്തെഴുതിയത് മാർ ഇവാനിയോസ് തിരുമേനിയുടെ സെക്രട്ടറിയായിരുന്ന ബഥനിയിലെ യാക്കോബ് കശീശ ആയിരുന്നു (പിന്നീട് ഇദ്ദേഹം യാക്കോബ് മാർ തെയോഫിലോസ് എന്ന പേരിൽ മെത്രാനായി).' റോമിലെ മാർപ്പാപ്പാ തലവനായിരിക്കുന്ന ലോകമാസകലമുള്ള കത്തോലിക്കാ സഭയോടു ചേർന്ന്, ഐക്യത്തിൻ്റെയും യോജിപ്പിൻ്റെയും അന്തരീക്ഷം മലങ്കര സഭയിൽ ഉണ്ടാക്കുന്നതിലേക്ക്, അന്ത്യോക്യൻ പാത്രിയർക്കീസ് റഹ്മാനിയുടെ ആത്മീയ നേതൃത്വത്തിൻ കീഴിൽ വർത്തിക്കുന്നതിന് ആഗ്രഹിക്കുന്നതിനാൽ മലങ്കരയിലെ ഉന്നതനായ മാർ ബസേലിയോസ് ഗീ വറുഗീസ് കാതോലിക്കായും മലങ്കരയുടെ മാർ ദിവന്നാ സ്യോസ് ഗീവറുഗീസ് മെത്രാപ്പോലീത്തയും ബഥനിയുടെ മാർ ഈ വാനിയോസ് ഗീവറുഗീസ് എപ്പിസ്കോപ്പായും കൂടി തീരുമാനിച്ചു ചുമതലപ്പെടുത്തിയതിനാൽ മാർ ഈവാനിയോസ് എപ്പിസ്കോപ്പക്കു വേണ്ടി സെക്രട്ടറിയാക്കോബ് കശീശ എഴുതുന്ന കത്തായിട്ടാണ് മലങ്കരയിലെ പുനരൈക്യ ചിന്തകൾ വിവരിച്ച് റഹ്മാനി പാത്ര യർക്കീസിന് കത്തയച്ചത്. ഈ കത്ത് അയച്ചതും റഹ്മാനി പാത്രിയർക്കീസിൻ്റെ സെക്രട്ടറിയുടെ പേർക്കായിരുന്നു.
റഹ്‌മാനി പാത്രിയർക്കീസ് ഫ്രഞ്ച്, സുറിയാനി. അറബി ഗ്രീക്ക്, ലത്തീൻ. ഹീബ്രു മുതലായ ഭാഷകളിൽ അഗാധമായ പാണ്ഡിത്യമുള്ളയാളായിരുന്നു. നിരവധി പുസ്തകങ്ങൾ എഴുതിയിരുന്നു.
യാക്കോബ് കശീശാ മാർ ഇവാനിയോസിനു വേണ്ടി അയച്ച ഈ കത്തിനുള്ള മറുപടി റഹ്മാനി പാത്രിയർക്കീസ് തന്നെ യാക്കോബ് കശീശയുടെ പേരിൽ അയച്ചു കൊടുത്തു.
പുനരൈക്യത്തിനു ശേഷം ഉപയോഗിക്കേണ്ട ആരാധനാക്രമത്തെപ്പറ്റിയും കത്തിൽ വിശദീകരിച്ചിരുന്നു. സിറിയയിൽ നിലവിലുള്ള അന്ത്യോക്യാ സഭയുടെ പുരാതനവും വൈശിഷ്ട്യമേറിയതുമായ ആരാധനാക്രമങ്ങൾ മുൻപു തന്നെ മലങ്കരയിലെ മെത്രാന്മാർ പരിശോധിച്ചിട്ടുള്ളതാണെന്നും അവയിൽ യാതൊരു മാറ്റവും ഉണ്ടാവുകയില്ലെന്നും കത്തിൽ സൂചിപ്പിച്ചു. പുനരൈക്യാനന്തരം വൈദികരും മേൽപട്ടക്കാരും സന്യസ്ഥരും തദ്ദേശീയരിൽ നിന്നുതന്നെ ഉണ്ടാകുമെന്നു് റഹ്മാനി ഉറപ്പു നൽകി. പുനരൈക്യ ഫലമായി പള്ളികളോ ആശ്രമങ്ങളോ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടായാൽ ബ്രിട്ടീഷ് ഭരണാധികാരികൾ വഴി പരിഹാരം കാണാൻ സാധിക്കുമെന്നും റഹ്മാനി കത്തിൽ എഴുതി. 1926 ഒക്ടോബർ 12ാം തീയതിയാണ് പാത്രിയർക്കീസ് ഈ മറുപടി കത്ത് അയച്ചത്. പാത്രിയർക്കീസിൻ്റെ പ്രസതുത മറുപടിക്കത്തിന് മാർ ഈവാനിയോസ് തന്നെ പാത്രിയർക്കീസിനു മറുപടി അയച്ചു. അത് 1927 ഒക്ടോബർ 30ാം തീയതിയായിരുന്നു.
മാർ ഇവാനിയോസിൻ്റെ ഈ കത്തിന് ' മറുപടി ലഭിച്ചത് ഏകദേശം ഒരു വർഷത്തോളം കഴിഞ്ഞാണ്. മലങ്കര സഭയിൽ നിലവിലുള്ള മെത്രാന്മാരെയും റമ്പാന്മാരെയും വൈദികരെയും സന്യാസ പ്രസ്ഥാനങ്ങളെയും അതാത് സ്ഥാനങ്ങളിൽ അവർക്കുള്ള അധികാരത്തോടുകൂടി സ്വീകരിക്കാമെന്നും കത്തുകളിൽ വ്യക്തമാക്കിയിരുന്നു. സഭയുടെ പ്രയാണത്തിൽ യോഗ്യരായ തദ്ദേശീയരായവരെ മേൽപട്ടസ്ഥാനങ്ങളിലേക്ക് ഉയർത്തുന്ന കാര്യവും ഉറപ്പു നൽകിയിരുന്നു.
അന്ത്യോക്യൻ പാത്രിയർക്കീസ് വഴിയുള്ള നീക്കങ്ങളിലൂടെ മാത്രമേ അന്ത്യോക്യൻ റീത്ത് അനുവദിച്ചു കിട്ടാൻ സാദ്ധ്യമാകൂ എന്നതാണ് മാർ ഇവാനിയോസും മറ്റും ധരിച്ചിരുന്നത്. അതിനാലാണ് മാർപ്പാപ്പയുമായി നേരിട്ടുള്ള ആലോചനകൾക്ക് ആദ്യഘട്ടത്തിൽ ശ്രമിക്കാതിരുന്നത്. എന്നാൽ പാത്രിയർക്കീസുമായുള്ള എഴുത്തുകുത്തുകൾക്കിടയിൽത്തന്നെ വേറൊരു വഴിത്തിരിവും ഉണ്ടായി. ഓർത്തഡോക്സ് വിഭാഗത്തിലെ ഒരു പ്രമുഖനായിരുന്ന ഇലഞ്ഞിക്കൽ ഇ.ജെ. ജോൺ വക്കീലുമായി മാർ ഇവാനിയോസ് നടത്തിയ ഒരു കൂടിക്കാഴ്ചയിൽ പുനരൈക്യ ശ്രമങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. മാർപ്പാപ്പയുമായി നേരിൽ കാര്യങ്ങൾ ആലോചിക്കുകയും എഴുത്തുകുത്തുകൾ നടത്തുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം മാർ ഇവാനിയോസിനെ ഉപദേശിച്ചു. എറണാകുളം അതിരൂപതാ മെത്രാപ്പോലീത്ത അഗസ്റ്റിൻ കണ്ടത്തിൽ തിരുമേനിക്കും ഇതേ അഭിപ്രായമുള്ളതായി 1928 ൽ കത്തോലിക്കാ സഭയിൽ ചേർന്നിരുന്ന ഫാ. തോമസ് ഇഞ്ചക്കലോടി മാർ ഇവാനിയോസിനെ അറിയിച്ചു.
ഈ നിർദേശങ്ങളുടെ വെളിച്ചത്തിൽ റോമിലേക്കു അപേക്ഷ അയയ്ക്കാൻ മാർ ഇവാനിയോസ് നിശ്ചയിച്ചു. റോമിലേക്ക് മാർപ്പാപ്പയ്ക്ക്നേരിട്ട് കത്തയക്കാമോ അതോ ഇന്ത്യയിലെ പേപ്പൽ ഡലിഗേറ്റ് വഴി വേണമോ എന്നതായി അടുത്ത സംശയം. സംശയ ദൂരീകരണത്തിനായി ചങ്ങനാശേരി അതിരൂപതാ മെത്രാൻ ജയിംസ് കാളാശേരി തിരുമേനിയെ രഹസ്യമായി ചെന്നു കണ്ടു. കത്തോലിക്കാ മെത്രാന്മാർ മാർപ്പാപ്പയ്ക്കു കത്തുകളയക്കുമ്പോൾ ഡലിഗേറ്റു വഴി മാത്രമേ പാടുള്ളുവെങ്കിലും മറ്റു സഭകളിലുള്ളവർക്ക് ആ നിയമം ബാധകമല്ലെന്നും അതിനാൽ നേരിട്ട് കത്തയക്കാമെന്നും കാളാശേരി തിരുമേനി ഉപദേശിച്ചു.
കോട്ടയം രൂപതയുടെ മെത്രാൻ മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഒരു ദിവസം തിരുവല്ലയിലെത്തി മാർ ഇവാനിയോസിനെ കാണുകയും പുനരൈക്യ സംബന്ധമായ ആലോചനകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു. ഇവയുടെയെല്ലാം ഫലമായി മാർപ്പാപ്പക്ക് പുനരൈക്യ സംബന്ധമായി നേരിട്ട് കത്തയക്കാൻ മാർ ഇവാനിയോസ് നിശ്ചയിച്ചു. റോമിൽ വൈദിക വിദ്യാഭ്യാസം കഴിച്ച ഒരു വൈദികൻ, ഫാ.റബേര സ്വദേശമായ മാവേലിക്കരയിൽ പ്രായാധിക്യത്താൽ വന്നു വിശ്രമജീവിതം നയിച്ചിരുന്നു. അദ്ദേഹം മുഖാന്തിരമാണ് മാർപ്പാപ്പയ്ക്കുള്ള ആദ്യകത്ത് മാർ ഇവാനിയോസ് അയച്ചത്.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
ഭാഗം - 1: ബാല്യംഭാഗം - 2: എം.ഡിസെമിനരി
ഭാഗം - 3: മലങ്കര യാക്കോബായസഭയുടെ വിഭജനം
ഭാഗം- 4: വിഭജനം പൂർണ്ണതയിലേക്ക്
ഭാഗം- 5: വനിതാ വിദ്യാഭ്യാസം
ഭാഗം- 6: സന്യാസം- മിഷണറി പ്രവർത്തനം
ഭാഗം- 7: ആശ്രമ സ്ഥാപനം
ഭാഗം- 8: മുണ്ടൻ മലയിലെ ആശ്രമം
ഭാഗം- 9: ആശ്രമ ജീവിതം
ഭാഗം- 10: ആശ്രമം - തുടർപ്രവർത്തനങ്ങൾ
ഭാഗം- 11: സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും
ഭാഗം- 12: മെത്രാൻ പദവിയിലേയ്ക്ക്
ഭാഗം- 13: അഭിഷേകാനന്തരം
ഭാഗം- 14: ബഥനിയുടെ സ്വതന്ത്ര മെത്രാൻ
ഭാഗം- 15: പുനരൈക്യ വഴിയിൽ
ഭാഗം- 16: ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ
ഭാഗം- 17: ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ
ഭാഗം- 18: പുത്തൻ കൂറിലെ പുതിയ സഭകൾ - 1
ഭാഗം- 19: പുത്തൻ കൂറിലെ പുതിയ സഭകൾ - 2
ഭാഗം- 20: പുനരൈക്യ ചുവടുകൾ
ഭാഗം- 21: അന്ത്യോക്യൻ പാത്രിയർക്കീസുമായി ചർച്ചകൾ