മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 19
പുത്തൻ കൂറിലെ പുതിയ സഭകൾ
2 മാർത്തോമ്മ സഭ
മാർ ദിവന്നാസ്യോസ് അഞ്ചാമനും തോമസ് മാർ അത്തനാസ്യോസും തമ്മിൽ നടന്ന കോടതി വ്യവഹാരത്തിൽ ദിവന്നാസ്യോസിനനുകൂലമായി കേസ് തീർപ്പായതോടെ പള്ളികളിൽ നിന്നെല്ലാം മാർ അത്തനാസ്യോസ് ബഹിഷ്കൃതനായി. പ്രൊട്ടസ്റ്റെൻ്റ് മിഷനറിമാരിൽ നിന്നും നവീകരണാശയങ്ങൾ ഉൾക്കൊണ്ടിരുന്ന അത്തനാസ്യോസ് തന്നോട് യോജിക്കുന്നവരെ ചേർത്ത് ഒരു പുതിയ സഭ ആരംഭിച്ചു. നവീകരണ കക്ഷിയെന്നായിരുന്നു ആദ്യകാല പേര്. പിന്നീട് മാർത്തോമ്മ സഭയെന്ന പേരു സ്വീകരിച്ചു. ബാഹ്യാനുഷ്ഠാനങ്ങളിൽ യാക്കോ ബായ സഭയോട് സാമ്യമുണ്ടെങ്കിലും വിശ്വാസ വിഷയങ്ങളിൽ പ്രൊട്ടസ്റ്റൻ്റ് സഭയോടാണ് സാധർമ്യം.
മാർത്തോമ്മക്കാർ സ്വീകരിച്ചിരിക്കുന്നത് ഏബ്രഹാം മല്പാൻ്റെ നവീകരണാശയങ്ങളാണ്. അവയിൽ പ്രധാനമായവ:
- പരിശുദ്ധന്മാരോട് മദ്ധ്യസ്‌ഥ പ്രാർത്ഥന പാടില്ല.
- പരേതർക്കു വേണ്ടി പ്രാർത്ഥിച്ചിട്ടു കാര്യമില്ല. അതിനാൽ അത് ചെയ്യേണ്ടതില്ല.
- വി. കുർബാന ബലിയല്ല; ഒരു ഓർമ്മ മാത്രം.
- രഹസ്യ കുമ്പസാരം പാടില്ല.
തോമസ് മാർ അത്തനാസ്യോസ് പിൻഗാമിയെ വാഴിക്കാതെ 1893 ൽ മരിച്ചു. പിൻഗാമിയായി ഏബ്രഹാം മൽപാൻ്റെ കനിഷ്ഠ പുത്രനായ ദത്തോസ് കത്തനാരെ തെരഞ്ഞെടുത്തു. അദ്ദേഹത്തിനു പട്ടം നൽകിയത് കോട്ടയം ചെറിയ പള്ളിയിൽ വച്ച്, തൊഴിയൂർ സഭാ മെത്രാന്മാരായ യൗസേപ്പ് മാർ അത്തനാസ്യോസും ഗീവറുഗീസ് മാർ കൂറിലോസും ചേർന്ന്, ആയിരുന്നു. 1894 ൽ തിത്തൂസ് പ്രഥമൻ എന്ന പേരിൽ ആയിരുന്നു ഇത്. 1947 ൽ മാർത്തോമ്മ മെത്രാപ്പോലീത്തയായ യൂഹാനോൻ മാർ തിമോത്തിയോസ് ഏബ്രഹാം മല്പാൻ്റെ നവീകരണ പാതയിൽ നിന്നും വഴുതിമാറുന്നുവെന്ന് സമുദായത്തിലെ ഒരു പ്രമാണി കെ. എൻ. ദാനിയൽ കോടതിയിൽ ഹർജി നൽകി.
വിചാരണ വേളയിൽ, മെത്രാപ്പോലീത്തയുടെ മൊഴി, വി. കുർബാനയിൽ ആശീർവദിക്കപ്പെടുന്ന അപ്പവീഞ്ഞുകളിൽ ക്രിസ്തുവിൻ്റെ സാന്നിദ്ധ്യം ഉണ്ടോ ഇല്ലയോ എന്നത് മാർത്തോമ്മ സഭയുടെ അടിസ്ഥാനവിശ്വാസങ്ങളിൽപ്പെടുന്ന കാര്യമല്ലെന്നും സാന്നിദ്ധ്യം ഉണ്ടെന്നോ ഇല്ലെന്നോ, അവയെല്ലാം അടയാളങ്ങൾ മാത്രമാണെന്നോ, സഭാംഗങ്ങൾക്ക് ഇഷ്ടം പോലെ വിശ്വസിക്കാമെന്നും ആയിരുന്നു. മെത്രാപ്പോലീത്തായുടെ സമർത്ഥന വെളിച്ചത്തിൽ ദാനിയേലിൻ്റെ കേസ് കോടതി തള്ളി. മെത്രാപ്പോലീത്തായ്ക്കനുകൂലമായ വിധിയുണ്ടായി.
കാലക്രമത്തിൽ മർത്തോമ്മാ സഭയിലെ ആദ്യകാല നവീകരണാശയ ങ്ങളിൽ നിന്നും പാരമ്പര്യവിശ്വാസങ്ങളിലേക്ക് വലിയ മാറ്റം ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നു.
3 ഇവാഞ്ചലിക്കൽ സഭ
മാർത്തോമ്മ മെത്രാപ്പോലീത്തയും കെ.എൻ.ദാനിയലും തമ്മിലുള്ള കേസിൽ തോറ്റതിനെ തുടർന്ന് ദാനിയലും സഹകക്ഷികളും പുതിയൊരു സഭയുണ്ടാക്കി. സെൻ്റ് തോമസ് ഇവാൻ ജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ എന്നായിരുന്നു പേര്. പതിനെട്ടു പട്ടക്കാർ ചേർന്ന് കെ.എൻ ഉമ്മൻ ,പി. ജോൺ വറുഗീസ് എന്നീ വൈദികരെ 1961 ജനുവരി 26 ന് സഭാ നേതാക്കളായി തെരഞ്ഞെടുത്തു. അവരെ മെത്രാന്മാർ എന്നു വിളിച്ചു. ഉമ്മനെ സ്ഥാപക പ്രിസൈഡിംഗ് ബിഷപ്പായി അംഗീകരിച്ചു. യഥാർത്ഥ കൈവെയ് പോ ശ്ലൈഹിക പിന്തുടർച്ചയോ ഇല്ലാത്ത ഇവരുടെ ആരാധനകളിലും കർമ്മങ്ങളിലും പങ്കെടുക്കരുതെന്ന് 1961 ഫെബ് 17 ന് മാർത്തോമ്മ മെത്രാപ്പോലീത്ത കല്പനയിറക്കി.
താമസിയാതെ ഈ സഭയിൽ വീണ്ടും പിളർപ്പുണ്ടാവുകയും സെൻ്റ് തോമസ് ഫെലോഷിപ്പ് എന്നൊരു സഭയും ഉണ്ടാവുകയും ചെയ്തു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
ഭാഗം - 1: ബാല്യംഭാഗം - 2: എം.ഡിസെമിനരി
ഭാഗം - 3: മലങ്കര യാക്കോബായസഭയുടെ വിഭജനം
ഭാഗം- 4: വിഭജനം പൂർണ്ണതയിലേക്ക്
ഭാഗം- 5: വനിതാ വിദ്യാഭ്യാസം
ഭാഗം- 6: സന്യാസം- മിഷണറി പ്രവർത്തനം
ഭാഗം- 7: ആശ്രമ സ്ഥാപനം
ഭാഗം- 8: മുണ്ടൻ മലയിലെ ആശ്രമം
ഭാഗം- 9: ആശ്രമ ജീവിതം
ഭാഗം- 10: ആശ്രമം - തുടർപ്രവർത്തനങ്ങൾ
ഭാഗം- 11: സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും
ഭാഗം- 12: മെത്രാൻ പദവിയിലേയ്ക്ക്
ഭാഗം- 13: അഭിഷേകാനന്തരം
ഭാഗം- 14: ബഥനിയുടെ സ്വതന്ത്ര മെത്രാൻ
ഭാഗം- 15: പുനരൈക്യ വഴിയിൽ
ഭാഗം- 16: ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ
ഭാഗം- 17: ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ
ഭാഗം- 18: പുത്തൻ കൂറിലെ പുതിയ സഭകൾ - 1
ഭാഗം- 19: പുത്തൻ കൂറിലെ പുതിയ സഭകൾ - 2