Sacred Heart Church Adoor

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ

ഭാഗം - 17


ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ

By SHM Joseph September 24, 2025 10 min read
Featured Image

ആറാം മാർത്തോമ്മയ്ക്കു ശേഷം നാലു മെത്രാപ്പോലീത്തമാർ കൂടി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെടാൻ ശ്രമം നടത്തി.

1. ചേപ്പാട് മാർ ദിവന്നാസ്യോസ്

ആറാം മാർത്തോമ്മാ യ്ക്കു ശേഷം ഭരണം നടത്തിയ പുന്നത്ര മാർദിവന്നാസ്യോസ് പുലിക്കോട്ട് മാർ ദിവന്നാസ്യോസ് എന്നിവർ ചുരുങ്ങിയ കാലം മാത്രം ഭരണം നടത്തിയവരായിരുന്നു. അവർ രണ്ടു പേരിലും പ്രൊട്ടസ്റ്റൻ്റ് മിഷണറിമാരുടെ സ്വാധീനം ഉണ്ടായിരുന്നതിനാൽ കത്തോലിക്കാ സഭാ പുനരൈക്യത്തിനായി യത്നിച്ചില്ല. എന്നാൽ 1825 മുതൽ 1855 വരെ 30 വർഷക്കാലം സഭാഭരണം നടത്തിയ ചേപ്പാട് മാർ ദിവന്നാസ്യോസ് പുനരൈകൃശ്രവങ്ങൾ നടത്തുകയും വരാപ്പുഴ മെത്രാപ്പോലീത്തയുമായി എഴുത്തു കുത്തുകൾ നടത്തുകയും ചെയ്തു. രണ്ടു കാര്യങ്ങളാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഒന്ന്, അന്തോക്യൻ യാക്കോബായ പാത്രയർക്കീസുമാരുടെ സ്വേഛാപരമായ പ്രവർത്തനങ്ങൾ. രണ്ട്, പ്രൊട്ടസ്റ്റൻ്റ് മിഷണറിമാരുടെ യാക്കോബായ സഭയിലേക്കുള്ള കടന്നുകയറ്റം.

തൻ്റെ ജനത്തോടൊപ്പം കത്തോലിക്കാ സഭയിലേക്കു പോകാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു എന്നാൽ ചേപ്പാട് മാർ ദിവന്നാസ്യോസിനെ മെത്രാനായി കത്തോലിക്കാ സഭയിലേക്കു സ്വീകരിക്കുവാൻ നിവൃത്തിയില്ലെന്ന മറുപടിയാണു വരാപ്പുഴ മെത്രപ്പോലീത്തായിൽ നിന്നും ലഭിച്ചത്. അതിനാൽ ഈ പുനരൈക്യ പരിശ്രമം വിജയിക്കാതെ അവസാനിച്ചു.

2. പുലിക്കോട്ടിൽ മാർ ദിവന്നാസ്യോസ് അഞ്ചാമൻ

പുലിക്കോട്ടിൽ ജോസഫ് കത്തനാർ പശ്ചിമേഷ്യയിലെ സുറിയാനി പാത്രിയർക്കീസിൽ നിന്നും മെത്രാഭിഷേകം സ്വീകരിച്ചു. 1865 മുതൽ 1909 വരെ പുത്തൻകുർ വിഭാഗം മെത്രാനായിരുന്നു. അദ്ദേഹവും കത്തോലിക്കാ സഭാ പുനരൈക്യം കാംക്ഷിച്ചുവെങ്കിലും പുത്തൻകൂറ്റുകാരും പഴയ കുറ്റുകാരും തമ്മിൽ ബാഹ്യമായ ഒരു ഐക്യം സ്ഥാപിച്ചെടുത്ത ശേഷം പുത്തൻ കുറുകാരെയെല്ലാം കത്തോലിക്കാ സഭയിലെത്തിക്കുകയെന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യം. ഇതിന് അദ്ദേഹത്തെ സഹായിക്കാൻ കുറവിലങ്ങാടു സ്വദേശിയും പഴയകൂർ വൈദികനും ചരിത്രത്തിൽ ഓർക്കപ്പെടുന്നവനുമായ നിധീരിക്കൽ മാണികത്തനാർ കൂടെ നിന്നു.

പഴയകൂർ പുത്തൻകൂർ സുറിയാനി ക്കാരുടെ സഹകരണത്തോടെയുള്ള പ്രസ്ഥാനങ്ങളുണ്ടാക്കുകയും യോജിച്ച പ്രവർത്തനങ്ങളുടെ ഫലമായി പുതിയ കൂർ വിഭാഗത്തെ മുഴുവനായി കത്തോലിക്കാ സഭയുമായിച്ച നരൈക്യ പ്പെട്ടത്തുകയും ചെയ്യുക എന്നതായിരുന്നു ദിവന്നാസ്യോസിൻ്റെയും മാണിക്കത്തനാരുടെയും സദുദ്ദേശ്യം. അതിനായി ആദ്യം രൂപം കൊണ്ടത് നസ്രാണിജാത്യൈകസംഘം എന്ന സംഘടനയാണ്. പഴയ കൂറുകാരെയും പുത്തൻ കൂറുകാരെയും മാത്രമാണ് ഇതിൽ അംഗങ്ങളാക്കിയത്. നവീകരണ കക്ഷി ( മാർത്തോമ്മ സഭ)ക്കാരെയോ പ്രൊട്ടസ്റ്റൻ്റ് സി.എം.എസ് വിഭാഗത്തെയോ ഇതിൽ അംഗങ്ങളാക്കിയില്ല. സംഘടനയ്ക്ക് ആസ്ഥാനമായി കോട്ടയത്ത് വളരെയേറെ സ്ഥലവും കെട്ടിടങ്ങളും അവർ നേടി. എം.ഡി. സെമിനരിയും സ്കൂളും ഇപ്പോഴത്തെ മലയാള മനോരമയുടെ സ്ഥലങ്ങളും ഉൾപ്പടെ ഇവയിൽ ഉൾപ്പെട്ടിരുന്നു. സംയുക്തമായി ഒരു കോളജും സ്കൂളുകളും സ്ഥാപിക്കാൻ ശ്രമങ്ങളുണ്ടായി. 1887 ൽ നിധീരിക്കൽ മാണിക്കത്തനാർ ആരംഭിച്ചനസ്രാണി ദീപികയെന്ന പത്രത്തിൻ്റെ ആരംഭവും ഇതോടനുബന്ധിച്ചായിരുന്നു. മാന്നാനത്തുനിന്നുമാണ് ആദ്യം പ്രസിദ്ധീകരണമാരംഭിച്ചത്. ന‌സാണി സമുദായത്തിൻ്റെ പേരിൽ നിരവധി പരോപകാരസ്ഥാപനങ്ങൾ തുടങ്ങുന്നതിനും ശ്രമങ്ങളുണ്ടായി. ഇതിനിടയിൽത്തന്നെ മാർപ്പാപ്പയുടെ ഡെലിഗേറ്റുമായും മറ്റ് കത്തോലിക്കാ മെത്രാന്മാരുമായും ദിവന്നാസ്യോസ് പുനരൈക്യ ചർ ർച്ചകളും നടത്തിക്കൊണ്ടിരുന്നു. എന്നാൽ ദിവന്നാസ്യോസ് തിരുമേനിയും നിധീരിക്കൽ മാണിക്കത്തനാരും അവർക്ക് പിന്തുണക്കാരനായിരുന്ന വരാപ്പുഴ മെത്രാപ്പോലീത്തയും പ്രതീക്ഷിച്ചിരുന്നതിനു വിരുദ്ധമായി യാക്കോബായ വിഭാഗത്തിന് ഒരുമിച്ചുള്ള സംഘ പ്രവർത്തനങ്ങളിലും പുനരൈക്യത്തിലും താത്പര്യം കുറഞ്ഞു വരികയും ഒരുമിച്ചു നേടിയ സ്വത്തുക്കൾ സ്നേഹബുദ്ധ്യാ വിട്ടുകൊടുക്കാൻ പഴയ കുറ്റു കാർ നിർബന്ധിതരാവുകയും ചെയ്തു തർക്കങ്ങൾക്കും കേസുകൾക്കും ഇടവരാതിരിക്കാൻ കത്തോലിക്ക സഭ ശ്രദ്ധിച്ചു.

അങ്ങനെ ദിവന്നാസ്യോസ് അഞ്ചാമൻ്റെ പുനരൈക്യ പരിശ്രമവും വൃഥാവിലായി.

3. കണ്ടനാട് മാർ ഇവാനിയോസ്

യാക്കോബായ സഭയിൽ, അബ്ദുള്ള പാത്രയർക്കീസിൻ്റെ സന്ദർശനത്തെ തുടർന്നുണ്ടായ വിഭജനത്തിൽ മെത്രാൻ കക്ഷിയിൽ പെട്ടയാളായിരുന്നു കണ്ടനാട് യുവാക്കിം മാർ ഇവാനിയോസ്. അദ്ദേഹവും കത്തോലിക്കാ സഭയുമായി പുനരൈക്യ പ്പെടാൻ ആഗ്രഹിച്ചു. അന്ന് കണ്ടനാട് കത്തോലിക്കാപ്പള്ളി വികാരിയായിരുന്ന തോട്ടുങ്കൽ അച്ചനുമായി ആലോചനകൾ നടത്തി. എറണാകുളം അതിരുപതാ വൈദികനായിരുന്ന ഫാ. ജോസഫ് പൈനുങ്കൽ വഴി എറണാകുളം അതിരുപതാ മെത്രാപ്പോലീത്തയുമായി പുനരൈക്യ നടപടികൾ ഉറപ്പിച്ചു. എറണാകുളം അരമനയിൽ എത്തി സത്യപ്രതിജ്ഞ ചെയ്യാനുള്ള സമയവും തീയതിയും നിശ്ചയിച്ചു.

തിരുമേനിയുടെ സഹോദര പുത്രനും ശെമ്മാശനുമായിരുന്ന കരോട്ട് സൈമൺ ഈ ആലോചനകൾക്ക് എതിരായിരുന്നു. അദ്ദേഹം തിരുമേനി യോടൊപ്പമായിരുന്നു താമസവും. കത്തോലിക്കാ സഭയോട് അങ്ങേയറ്റം വെറുപ്പുള്ളയാളായിരുന്നു ശെമ്മാശൻ. സുറിയാനി ഭാഷയിലും കാനോൻ നിയമങ്ങളിലും സഭാചരിത്രത്തിലും പണ്ഡിതനായിരുന്ന തിരുമേനിയെ പറഞ്ഞു തിരുത്തുക സാദ്ധ്യമല്ലായെന്നതി.നാൽ മറ്റു മാർഗങ്ങളിലൂടെ തടസ്സമുണ്ടാക്കാൻ ആലോചിച്ചു. മൂക്കഞ്ചേരിൽ പത്രോസ് റമ്പാച്ചൻ്റെ സഹായത്തോടെ ഒരു തന്ത്രം മെനഞ്ഞു എറണാകുളം അരമനയിൽ നിന്നും കാർ അയക്കാമെന്നതായിരുന്നു യാത്രാ ക്രമീകരണം. കാർമാർഗം എറണാകുളത്തേക്കുള്ള യാത്ര സുരക്ഷിതമല്ലെന്നും ശത്രുക്കൾ യാത്ര തടയുമെന്നും അതിനാൽ രാത്രി വള്ളത്തിൽ പോകാമെന്നും ഉപദേശിച്ചു. വള്ളക്കാരനെ സ്വാധീനിച്ച് രാത്രിയിൽ എറണാകുളത്തിനുപകരം പരുമലയ്ക്കാണ് വള്ളംനീങ്ങിയത്. വെളുപ്പിനെ മാത്രമാണ് തിരുമേനി കാര്യം ഗ്രഹിച്ചത്. സഹോദര പുത്രനും കൂടെയുള്ളവരും അദ്ദേഹത്തെ നിർബന്ധപൂർവം പരുമലക്ക് കൊണ്ടുപോയി. മൂന്നുവർഷം അവിടെയായിരുന്നു താമസം. ഈ കാലത്താണ് പി.റ്റി. ഗീവറുഗീസച്ചനെ ബഥനി യുടെ മെത്രാനായി. വാഴിക്കുന്നതിൽ അദ്ദേഹം കാർമ്മികനായിരുന്നത്. കത്തോലിക്കാ പുനരൈക്യം സാദ്ധ്യമാവാതെ പോയതിൽ അങ്ങേയറ്റം ദുഃഖിതനായാണ് തിരുമേനി കാലധർമം പ്രാപിച്ചത്.

അന്ന് അദ്ദേഹത്തെ ചതിയിലൂടെ തടഞ്ഞ സഹോദര പുത്രൻ കണ്ടനാട് കരോട്ടു സൈമൺ ശെമ്മാശൻ പിന്നീട് കത്തോലിക്കാ സഭയിൽ ചേരുകയും ഒരു കോർഎപ്പിസ്കോപ്പയായിരിക്കെ നിര്യാതനാവുകയും ചെയ്തു. അദ്ദേഹം ഇതു സംബന്ധമായി അതുധികം വ്യ ഥയോടെ സത്യസഭാ കാഹളം മാസികയിൽ എഴുതിയിട്ടുമുണ്ട്.

4. ക്നാനായ മെത്രാപ്പോലീത്ത സേവേറിയോസ്

കേരളത്തിലെ ക്നാനായ വിഭാഗത്തിൽ പെട്ട യാക്കോബായക്കാരുടെ മെത്രാപ്പോലീത്തയായിരുന്നു മാർ സേവേറിയോസ്. 1909 ൽ കേരളത്തിൽ വന്ന അബ്ദുള്ളപാത്ര യർക്കീസിൽ നിന്നുമാണ് അദ്ദേഹം മെത്രാഭിഷേകം സ്വീകരിച്ചത്. 1921 മാർച്ച് 30 ന് കോട്ടയം ക്നാനായ കത്തോലിക്കാ മെതാപ്പോലീത്ത ചൂളപ്പറമ്പിൽ മാർ അലക്സാണ്ടർ തിരുമേനിയും മാർ സേവേറിയോസും തമ്മിൽ സമുദായ യോജിപ്പിനെപ്പറ്റി സംസാരിക്കുകയുണ്ടായി. തുടർന്ന് 1921 ആഗസ്റ്റ് 10 ന് ക്നാനായ യാക്കോബായക്കാരിൽ പെട്ട 13 പട്ടക്കാരും ഏതാനും ശെമ്മാശന്മാരും അൽ മേനികളും ചൂളപ്പറമ്പിൽ തിരുമേനിയെ സന്ദർശിച്ച് പുനരൈ ക്യത്തെപ്പറ്റി സംസാരിക്കുകയുണ്ടായി. ചൂളപ്പറമ്പിൽ തിരുമേനി ഇതു സംബന്ധമായി നടപടികൾ മുന്നോട്ടു നീക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ സേവേറിയോസ് തിരുമേനി അകാലത്തിൽ നിര്യാതനായതിനാൽ കൂട്ടായ ഒരു പുനരൈക്യം ഉണ്ടായില്ല. പലയിടങ്ങളിലായി വൈദികരും ശെമ്മാശന്മാരും ജനങ്ങളും കോട്ടയം രൂപതയുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയിൽ ചേർന്നു. കോട്ടയം രൂപതയെന്നത് 345 ൽ കേരളത്തിലേക്ക് കുടിയേറിയ ക്നായിത്തൊമ്മൻ്റെ പിൻഗാമികളായ കത്തോലിക്കാ സഭാവിശ്വാസികളാണ്. ഇനി തിരികെ മാർ ഇവാനിയോസിലേക്ക് -

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

ഭാഗം - 1: ബാല്യം

ഭാഗം - 2: എം.ഡിസെമിനരി

ഭാഗം - 3: മലങ്കര യാക്കോബായസഭയുടെ വിഭജനം

ഭാഗം- 4: വിഭജനം പൂർണ്ണതയിലേക്ക്

ഭാഗം- 5: വനിതാ വിദ്യാഭ്യാസം

ഭാഗം- 6: സന്യാസം- മിഷണറി പ്രവർത്തനം

ഭാഗം- 7: ആശ്രമ സ്ഥാപനം

ഭാഗം- 8: മുണ്ടൻ മലയിലെ ആശ്രമം

ഭാഗം- 9: ആശ്രമ ജീവിതം

ഭാഗം- 10: ആശ്രമം - തുടർപ്രവർത്തനങ്ങൾ

ഭാഗം- 11: സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും

ഭാഗം- 12: മെത്രാൻ പദവിയിലേയ്ക്ക്

ഭാഗം- 13: അഭിഷേകാനന്തരം

ഭാഗം- 14: ബഥനിയുടെ സ്വതന്ത്ര മെത്രാൻ

ഭാഗം- 15: പുനരൈക്യ വഴിയിൽ

ഭാഗം- 16: ആറാം മാർത്തോമ്മയുടെ പുനരൈക്യ ശ്രമങ്ങൾ

ഭാഗം- 17: ആറാം മാർത്തോമ്മായ്ക്കു ശേഷം പുനരൈക്യശ്രമങ്ങൾ

ഭാഗം- 18: പുത്തൻ കൂറിലെ പുതിയ സഭകൾ - 1

ഭാഗം- 19: പുത്തൻ കൂറിലെ പുതിയ സഭകൾ - 2