മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 9
ആശ്രമ ജീവിതം

പി.റ്റി.ഗീവറുഗീസ് അച്ചൻ സെറാംപൂരിലെ പ്രൊഫസർ ഉദ്യോഗം രാജി വയ്ക്കാനും കേരളത്തിലേക്ക് മടങ്ങാനും തീരുമാനിച്ചു. 1919ൽ അദ്ദേഹം മുണ്ടൻ മലയിലെത്തി. അതിനു മുൻപായി അദ്ദേഹത്തിൻ്റെ വിശ്വസ്ത സഹായികൾ സത്രത്തിൽ താമസിച്ചു കൊണ്ട് മലമുകളിലെ ആശ്രമത്തിൻ്റെ പണി ഏകദേശം തീർത്തിരുന്നു. ആശ്രമ കെട്ടിടങ്ങൾ കുടിലുകളായിരുന്നു. മേൽകൂര മേഞ്ഞിരുന്നത് പുല്ലു കൊണ്ട്. വാതിലുകളും ഭിത്തികളും മുളകൊണ്ട് നിർമ്മിച്ചിരുന്നു. തറ മണ്ണിട്ടുയർത്തി, തല്ലിയൊതുക്കി ചാണകം മെഴുകിയിരുന്നു.
ആശ്രമവളപ്പിലെല്ലാം പലവിധമായ കൃഷികൾ ചെയ്തു. ഫലവൃക്ഷങ്ങൾ ധാരാളമായി വെച്ചുപിടിപ്പിച്ചു. കൃഷി ചെയ്തുണ്ടാക്കുന്ന വിഭവങ്ങളായിരുന്നു ആശ്രമസ്ഥരുടെ ഭക്ഷണം. സന്യാസാശ്രമ നിബന്ധനകൾ എല്ലാവരാലും കൃത്യമായി പാലിക്കപ്പെട്ടു. നിബന്ധനകൾക്ക് സസ്യസ്തർ പൂർണ മനസോടെ വിധേയരായി. പി.റ്റി.ഗീവറുഗീസ് അച്ചനായിരുന്നു ആശ്രമാദ്ധ്യക്ഷൻ.
എല്ലാവർക്കും കൃത്യമായ ചുമതലകൾ വിഭജിച്ചു കൊടുത്തു. സന്യാസവുമായി ബന്ധപ്പെട്ട ദിനചര്യകൾ കഴിഞ്ഞാൽ എല്ലാവരും കൃഷിയിലേക്കിറങ്ങും. ധാരാളമായി പശുക്കളെയും കോഴികളെയും വളർത്തി. ഭക്ഷണപാനീയങ്ങൾ ഉണ്ടാക്കാനും വിളമ്പാനും കഴിക്കാനും മൺപാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. സ്പൂണിനു പകരം പ്ലാവില കുത്തി ഉപയോഗിച്ചിരുന്നു. നിലത്ത് പായയിലായിരുന്നു ഉറക്കം. വെള്ളത്തുണി കാവിമുക്കിയാണ് വസ്ത്രങ്ങളായി ഉപയോഗിച്ചിരുന്നത്.
ആശ്രമത്തിൽ യാതൊരു സ്ഥാനചിന്തയും ഉണ്ടായിരുന്നില്ല. എല്ലാവരും സമന്മാരായ സന്യാസിമാർ മാത്രം. ആദ്യ ഘട്ടത്തിൽ ആശ്രമംഗങ്ങൾ പത്തു പേരായിരുന്നു.
ഫാ. പി.റ്റി.ഗീവറുഗീസ് (മാർ ഇവാനിയോസ് ), യാക്കോബ് ശെമ്മാശൻ (മാർ തെയോഫിലോസ്), ഫാ.അലക്സിയോസ് (മാർ തെവോദോസ്യോസ്), കോശി ശെമ്മാശൻ (ഫാ.സാമുവൽ), ഗീവറുഗീസ് ചെങ്ങന്നൂർ (ഫാ.ഗീവറുഗീസ്), മാവേലിക്കര യാക്കോബ് (ഫാ.ബർസ്ലീബ), ഉമ്മൻ വാദ്ധ്യാർ (റമ്പാൻ ബസ്കീപ്പ), ഏബ്രഹാം കല്ലൂപ്പാറ (ഫാ. ഏബ്രഹാം), മാവേലിക്കര ഇസഹാക്ക് ( ഫാ. ഇസഹാക്ക്), പുളിക്കീഴ് വറുഗീസ് (ഫാ. വറുഗീസ്) എന്നിവരായിരുന്നു ആദ്യ സന്യാസാർത്ഥികൾ. ഇവരിൽ ആദ്യ മൂന്നു പേർ പിന്നീട് മെത്രാന്മാരായി. ഒരു ശെമ്മാശനും മററു സന്യസ്ഥരും വൈദികരാവുകയും ചെയ്തു.
ആറു മാസക്കാലത്തെ ആദ്ധ്യാത്മിക പരിശീലനത്തിനു ശേഷം മുൻപ് സൂചിപ്പിച്ചവരിൽ ആദ്യത്തെമൂന്നുപേരുടെ സന്യാസ പ്രതിഷ്ഠ നടത്താൻ തീരുമാനിച്ചു. അവരിൽ 2 പേർ നേരത്തെ തന്നെ വൈദികരും ഒരാൾ വൈദിക പഠനം പൂർത്തിയാക്കിയ ശെമ്മാശനുമായിരുന്നു.
1920 ലെ പെന്തക്കോസ്തി ദിനത്തിലാണ്, സഭയുടെ പ്രഥമ സന്താനങ്ങളുടെ ഈ സന്യാസ പ്രതിഷ്ഠ. ആശ്രമ പിതാവായ പി.റ്റി ഗീവറുഗീസച്ചൻ തന്നെ വി.കുർബാനചൊല്ലി. പെന്തക്കോസ്തി ശുശ്രൂഷകളും കഴിഞ്ഞ് പ്രതിഷ്ഠാകർമ്മത്തിൻ്റെ ഗൗരവത്തെപ്പറ്റി ആശ്രമസ്ഥരോട് പ്രസംഗിച്ചു. സന്യാസി കർത്താവിനോടൊപ്പം യാഗപീഠത്തിൽ ഹോമിക്കപ്പെടേണ്ട ബലിവസ്തുവാണെന്ന് അച്ചൻ പറഞ്ഞു. യാഗപശുവിനോടാണ് അദ്ദേഹം സന്യാസിയെ ഉപമിച്ചത്. പ്രസംഗാനന്തരം സന്യസ്ഥർ രഹസ്യ പ്രാർത്ഥന നടത്തി. പിന്നീട് ഓരോരുത്തരും ത്രോണോസിൻ്റെ മുൻപിൽ മുട്ടുകുത്തി പ്രതിജ്ഞയെടുത്തു. അങ്ങനെ പി.റ്റി ഗീവറുഗീസച്ചൻ്റെ ബഥനി സന്യാസ സമൂഹം സമാരംഭിച്ചു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15