മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ
ഭാഗം - 11
സ്ത്രീ വിദ്യാഭ്യാസവും സന്യാസിനീ സമൂഹവും

മലങ്കര സഭയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ വിദ്യാസമ്പന്നരും അർപ്പണ മനസ്കരുമായ സ്ത്രീകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഗീവറുഗീസച്ചൻ അതിയായി ആഗ്രഹിച്ചിരുന്നു. കൽക്കട്ടയിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറായതും ഈ ലക്ഷ്യം മുന്നിൽകണ്ടാണ്.
കണ്ടത്തിൽ വറുഗീസുമാപ്പിള നിർമ്മിച്ച വലിയൊരു കെട്ടിടം തിരുമൂലപുരത്ത് ഒഴിഞ്ഞു കിടന്നിരുന്നു. അവിടെയൊരു ഗേൾസ് സ്കൂൾ തുടങ്ങാൻ വറുഗീസ് മാപ്പിള ആഗ്രഹിച്ചിരുന്നുവെങ്കിലും ആഗ്രഹനിവൃത്തിക്കുമുൻപേ അദ്ദേഹം നിര്യാതനായതിനാൽ കഴിഞ്ഞില്ല. ഗീവറുഗീസച്ചൻ കെട്ടിടം ഏറ്റെടുത്ത് ഒരു ഗേൾസ് സ്കൂൾ തുടങ്ങാൻ സെറാംപൂരിൽ വച്ചു തന്നെ തീരുമാനിച്ചിരുന്നു.
ബാരിസോളിലെ മദർ ഈഡിത്തിൻ്റെ സഹായത്താൽ, തിരുമൂലപുരത്തെ സ്കൂളിന് നേതൃത്വം വഹിക്കാൻ രണ്ട് ആംഗലേയവനിതകളെ കണ്ടെത്തി. ഓക്സ് ഫോർഡ് സർവകലാശാലയിൽ നിന്നും ബിരുദം നേടിയ മിസ്. ഹോംസും മിസ്. ബ്രൂക്സ് സ്മിത്തും ആയിരുന്നു അവർ. രണ്ടു പേരും തിരുമൂലപുരത്ത് വന്നു താമസമായി. 1920 ൽ ബാലികാമഠം സ്കൂൾ പ്രവർത്തനമാരംഭിച്ചു ഗീവറുഗീസച്ചൻ്റെ തീക്ഷ്ണമായ പ്രവർത്തനങ്ങൾ മൂലം ബാലികാമഠം പിന്നീട് ഹൈസ്കൂളായി മാറി.
സ്കൂളിനോട് ചേർന്നു കിടന്ന സ്ഥലം കൂടി സ്വന്തമാക്കി, അവിടെ മഠവും ചാപ്പലും പണി തീർത്തു. കുട്ടികൾക്കു വേണ്ടി ബോർഡിംഗും ആരംഭിച്ചു. ബാരി സോളിൽ സന്യാസ പരിശീലനത്തിനു പോയ അർത്ഥിനികളെ 1920 മേയ് മാസം മുതൽ തിരുമൂലപുരത്ത് തയ്യാറാക്കിയ മഠത്തിൽ താമസിപ്പിച്ചു. തിരുമൂലയിൽ ബഥനി പ്രസ് സ്ഥാപിക്കപ്പെട്ടതോടെ ആശ്രമ ഗുരുവായ യാക്കോബ് കശീശയും ഏതാനും ആശ്രമസ്ഥരും ഇവിടെ താമസമാക്കി. പ്രസിനു സമീപം തന്നെ ഉണ്ടാക്കിയ വേറൊരു ചെറിയ കെട്ടിടത്തിൽ ആശ്രമപിതാവായ ഗീവറുഗീസച്ചൻ താമസമാക്കിക്കൊണ്ട് ആശ്രമസ്ഥരുടെയും മoത്തിലെ അർത്ഥിനികളുടെയും കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
ആശ്രമസ്ഥർ പ്രസിലെ ജോലികൾ നിർവഹിക്കുകയും ചുറ്റുമുള്ള ഇടവകകളിൽ വേദോപദേശം പഠിപ്പിക്കുകയും ചെയ്തു വന്നു. ആശ്രമത്തിലേക്ക് പുതുതായി വരുന്ന സന്യാസാർത്ഥികളെ സ്വീകരിച്ചിരുന്നത് പെരുനാട് മുണ്ടൻ മല ആശ്രമത്തിലാണ്. അവിടെ അവരെ പരിശീലിപ്പിച്ചിരുന്നത് ചെങ്ങന്നൂർ സ്വദേശിയായ സാധു ഗീവറുഗീസ് ആയിരുന്നു. നാഥൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ആശ്രമപിതാവിൻ്റെ അസിസ്റ്റൻ്റ് ആയിരുന്ന ഫാ. അലക്സിയോസും മുണ്ടൻ മലയിൽ താമസിച്ചിരുന്നു. പൊതുക്കാര്യങ്ങളുടെ യെല്ലാം ചുമതല അദ്ദേഹത്തിനായിരുന്നു.
അനാഥക്കുഞ്ഞുങ്ങളെ ആദ്യഘട്ടത്തിൽ തിരുവല്ല ബഥനി മഠത്തിൽ നോക്കിയിരുന്നെങ്കിലും 1924 നു ശേഷം അവരെ പെരുനാട് അനാഥ ശാലയിലേക്ക് മാറ്റുകയാണുണ്ടായത്.
തിരുമൂലപുരത്തു മഠത്തിൽ താമസിച്ചിരുന്ന അർത്ഥിനികളെ സ്ഥാപക പിതാവ് കൂടെ കൂടെ സന്ദർശിക്കുകയും ആദ്ധ്യാത്മിക ഉപദേശങ്ങൾ നൽകുകയും ചെയ്തു കൊണ്ടിരുന്നു. പക്ഷേ പൗരസ്ത്യ സഭാനിയമമനുസരിച്ച് അവരുടെ സന്യാസ പ്രതിഷ്ഠ നടത്തേണ്ടത് മെത്രാൻ്റെ അധികാരത്തിൽ പെട്ട കാര്യമായിരുന്നതിനാലും ദിവന്നാസ്യോസ് തിരുമേനി വനിതാ സന്യാസത്തോട് വിരുദ്ധ നിലപാടുള്ളയാളായിരുന്നതിനാലും സന്യാസിനി പ്രതിഷ്ഠ നീണ്ടു പോയി. അർത്ഥിനികളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന ദൈവം കേട്ടു.
പി.റ്റി. ഗീവറുഗീസച്ചനെ മാർ ഇവാനിയോസ് എന്ന പേരിൽ ബഥനിയുടെ മെത്രാനായി അവരോധിച്ച ശേഷം 1925 സെപ്റ്റംബർ 21 നാണ് അദ്ദേഹം തന്നെ സന്യാസിനികളുടെ പ്രതിഷ്ഠ നിർവഹിച്ചത്. ആദ്യമായി പ്രതിഷ്ഠ നടത്തിയത് മൂക്കഞ്ചേരിൽ എം.പി ശോശാമ്മയാണ്. ശൈനോ എന്ന നാമധേയമാണ് വ്രതവാഗ്ദാനം നടത്തിയപ്പോൾ അവർക്കു നൽകപ്പെട്ടത്. ശൈനോ എന്ന വാക്കിനർത്ഥം സമാധാനം എന്നാണ്. മദർ ശൈനോയോടൊപ്പം മദർഹുബാ , മദർ ദനഹാ എന്നിവരുംനിത്യവ്രത വാഗ്ദാനം നടത്തി. അങ്ങനെ ബഥനി സന്യാസിനീ സമൂഹം ഔദ്യോഗികമായി സമാരംഭിച്ചു. ബഥനി മിശിഹാനു കരണ സന്യാസിനീ സമൂഹം (Sisters of Imitation of Christ) എന്നാണു ഇത് വിളിക്കപ്പെടുന്നത്.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 12
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14
മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15