Sacred Heart Church Adoor

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ

ഭാഗം - 12


മെത്രാൻ പദവിയിലേയ്ക്ക്

By SHM Joseph August 11, 2025 10 min read
Featured Image

ബഥനി പ്രസ്ഥാനത്തിൻ്റെ പിതാവും അനുബന്ധ സ്ഥാപനങ്ങളുടെയൊക്കെ സ്ഥാപകനും മികച്ച വാഗ്മിയും സഭയിൽ സ്വീകാര്യനുമായ പി.റ്റി. ഗീവറുഗീസച്ചനെ മെത്രാനായി വാഴിക്കുന്നതിന് വട്ടശേരിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത അതിയായി അഭിലഷിച്ചു. കക്ഷിവഴക്കുകളിലും വ്യവഹാരങ്ങളിലും കുഴങ്ങുന്ന അദ്ദേഹത്തിന് മുഖ്യ സഹായിയായി പ്രിയ ശിഷ്യനുണ്ടാകുമല്ലോയെന്ന ആശ്വാസമായിരുന്നു പ്രധാനമായും ദിവന്നാസ്യോസ് തിരുമേനിക്കുണ്ടായിരുന്നത്. മലങ്കര സഭയിൽ സമാധാനം കൈവരാൻവേണ്ട ഇടപെടലുകൾ നടത്താനും പുതിയ മെത്രാനു കഴിയുമെന്ന് തിരുമേനി പ്രത്യാശിച്ചു. എന്നാൽ പൂർണതാപസനായി ജീവിക്കാനിഷ്ടപ്പെട്ട് സെറാംപൂരിലെ പ്രൗഢിയുള്ള ജോലിയും, ജീവിതവും ത്യജിച്ചു വന്ന ഗീവറുഗീസച്ചന് മെത്രാൻ പദവിയോട് താത്പര്യമില്ലായിരുന്നു.

മലങ്കര മെത്രാപ്പോലീത്തായും മറ്റുമെ ത്രാന്മാരും കൂടിയാലോചിച്ച് ബഥനി ആശ്രമാദ്ധ്യക്ഷൻ പി.റ്റി. ഗീവറുഗീസിനെ ബഥനിക്കു വേണ്ടി അഭിഷേകം ചെയ്യാൻ തീരുമാനിച്ചു. അത് ഗീവറുഗീസച്ചന് സ്വീകാര്യമായി. ഭദ്രാസനങ്ങളുടെ ചുമതയില്ലാത്തതും ബഥനിയുടെ നായകനും മെത്രാനുമെന്ന നിലയിൽ സന്യാസിനികളുടെ പ്രതിഷ്ഠസ്വീകരിക്കാൻ തനിക്കു കഴിയുമെന്നതും അദ്ദേഹത്തിന് അനല്പമായ ആഹ്ളാദമുളവാക്കി.

1925 ജനുവരി 28 ന് തിരുമൂലപുരം ബഥനി ചാപ്പലിൽ വച്ച്, നിരണം ഇടവകയുടെ മാർഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ദേഹത്തിന് റമ്പാൻ പട്ടം നൽകി. തുടർന്ന് മേയ് 1 ന് ഗീവറുഗീസ് റമ്പാന് മെത്രാൻ പട്ടം നൽകുന്നതിനും ദിവന്നാസ്യോസ് തിരുമേനിയും ഇതര മെത്രാന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചു. ഈ ഘട്ടത്തിൽ സമുദായത്തിലെ ഏതാനും പ്രമുഖർ ഒഴിഞ്ഞു കിടന്ന കാതോലിക്കാ സ്ഥാനo കൂടി നികത്തണമെന്ന നിർദ്ദേശം വച്ചു. അബ്ദദ് മിശിഹാ പാത്രിയർക്കീസ് കണ്ടനാട് മാർ ഇവാനിയോസിനെ കാതോലിക്കയായി വാഴിച്ചിരുന്നല്ലൊ. അദ്ദേഹത്തിൻ്റെ മരണശേഷം 12 വർഷമായിട്ടും കാതോലിക്കയായി ആരെയും വാഴിച്ചിരുന്നില്ല. പാത്രിയർക്കീസിൻ്റെ സാന്നിദ്ധ്യമോ അനുമതിയോ കൂടാതെ മലങ്കരയിലെ മെത്രാന്മാർക്ക് കൂട്ടായി കാതോലിക്കയെ വാഴിക്കത്തക്ക വിധമുള്ള അധികാരം അബ്ദദ് മിശിഹാ പാത്രയർക്കീസ് മലങ്കര സഭയ്ക്കു നൽകിയിരുന്നു. എന്നാൽ സഭയിലെ കക്ഷി വഴക്കുകളുടെ പശ്ചാത്തലത്തിൽ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. സമൂഹത്തിൻ്റെ താത്പര്യം കണക്കിലെടുത്ത് മെത്രാഭിഷേകത്തിൻ്റെ തലേ ദിവസം തന്നെ കാതോലിക്കയായി വാകത്താനം മാർ പീലക്സിനോസ് തിരുമേനിയെ സ്ഥാനാരോഹണം ചെയ്യിക്കാനും മെത്രാന്മാരും ദിവന്നാസ്യോസ് തിരുമേനിയും തീരുമാനിച്ചു.

അതിൻപ്രകാരം 1925 ഏപ്രിൽ 30 ന് ബസേലിയോസ് രണ്ടാമൻ എന്ന പേരിൽ ദ്വിതീയ കാതോലിക്കയായി വാകത്താനം മാർ പീലക്സി നോസിനെ അവരോധിച്ചു. പിറ്റേ ദിവസം 1925 മേയ് ഒന്നാം തീയതി ഗീവറുഗീസ് റമ്പാനെ ബഥനിയുടെ മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാനായി അഭിഷേകം ചെയ്തു. തലേ ദിവസം കാതോലിക്കയായി അഭിഷേകം ചെയ്യപ്പെട്ട ബസേലിയോസ് രണ്ടാമനും കണ്ടനാട് ഇടവകയുടെ യുയാക്കിം മാർ ഈവാനിയോസ് മെത്രാപോലീത്തയും നിരണം ഇടവകയുടെ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ചേർന്നാണ് അഭിഷേകകർമ്മം നിർവഹിച്ചത്. രണ്ട് അഭിഷേകകർമ്മങ്ങളും മാർത്തോമ്മ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളിയിൽ വച്ചു തന്നെയായിരുന്നു. എന്നിരുന്നാലും വട്ടശേരിൽ മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്ത രണ്ടു കർമ്മങ്ങളിലും പങ്കെടുത്തില്ല. അദ്ദേഹം നിരണം പള്ളിയിൽ നിന്നും 3 മൈൽ മാത്രം അകലെയുള്ള പരുമല സെമിനരിയിൽ എത്തി താമസിച്ചിരുന്നുവെങ്കിലും നിരണത്തേയ്ക്ക് വന്നില്ല.

വട്ടിപ്പണക്കേസിൻ്റെ വിചാരണയും മറ്റും കോടതിയിൽ നടന്നുകൊണ്ടിരിക്കെ ഈ കർമ്മങ്ങളിൽ പങ്കെടുക്കുന്നത് കേസിൻ്റെ വിധിയെ പ്രതികൂലമായി ബാധിക്കുമോയെന്നഭയത്താലാണ് കർമ്മങ്ങളിൽ പങ്കെടുക്കാതിരുന്നത്. തങ്ങൾ അന്ത്യോക്യൻ പാത്രിയർക്കീസിനെ അനുസരിക്കുന്നവരാണെന്ന് മെത്രാപ്പോലീത്ത കോടതിയിൽ മൊഴി കൊടുത്തിരുന്നു. എന്നാൽ പാത്രയർക്കീസിൻ്റെ അനുമതി കൂടാതെ നടക്കുന്ന അഭിഷേകകർമ്മങ്ങളിൽ പങ്കെടുക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് അദ്ദേഹത്തിന് നിയമോപദേശം ലഭിച്ചിരുന്നു. സ്വന്ത പിതാവിനെപ്പോലെ കരുതിയിരുന്ന ദിവന്നാസ്യോസ് തിരുമേനിയുടെ കൈകളാൽ അഭിഷേകം ചെയ്യപ്പെടണമെന്നാഗ്രഹിച്ചിരുന്ന മാർ ഈവാനിയോസിനെ ഇത് ദുഃഖിതനാക്കി. സ്വപുത്രനെപ്പോലെ സ്നേഹിച്ചിരുന്ന ഗീവറുഗീസച്ചനെ സ്വന്തകരത്താൽ അഭിഷേകം ചെയ്യാനിടയാകാതെ വന്നത് ദിവന്നാസ്യോസ് തിരുമേനിയെയും ഖിന്നനാക്കി.

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 1

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 2

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 3

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 4

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 5

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 6

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 7

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 8

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 9

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 10

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 11

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 13

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 14

മാർ ഈവാനിയോസ് എന്ന ചരിത്രപുരുഷൻ; ഭാഗം - 15